അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന അങ്കമാലി മേഖലയിലെ വിദ്യാഭ്യാസ വിദഗ്ധരുടെ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

യോഗം റോജി എം.ജോണ്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമാക്കി കെ.എ.എസ് പരീക്ഷ പ്രചാരണ, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് റോജി.എം.ജോണ്‍ എം.എല്‍.എ, സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് (രക്ഷാധികാരികള്‍) പി.ടി.പോള്‍ (ചെയര്‍മാന്‍), ടി.എം. വര്‍ഗ്ഗീസ് (കണ്‍വീനര്‍), കരിയര്‍ ഗൈഡന്‍സ് ബ്യൂറോ ചീഫ് എം.വി. പോളച്ചന്‍, കരിയര്‍ വിദഗ്ധന്‍ വിമല്‍ വിദ്യാധരന്‍, ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍.എസ്.എസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായി കെ.എ.എസ് ഫാക്കല്‍റ്റി ബോര്‍ഡ് രൂപീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സസേവ്യര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.പി ജോര്‍ജ്ജ്, കെ.പി അയ്യപ്പന്‍, എ.എ. സന്തോഷ്, എല്‍സി വര്‍ഗ്ഗീസ്, ബി.ഡി.ഒ. എ.ജെ അജയ് എന്നിവരും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും സംബന്ധിച്ചു.