സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് റോഡ് മാര്‍ഗം അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി സുരക്ഷിത പാതയാണ് മോട്ടോര്‍ വാഹന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 400 കിലോമീറ്ററോളം വരുന്ന റോഡുകളിലാണ് വകുപ്പ് വഴിക്കണ്ണുമായി ഭക്തരക്ഷയ്ക്കായി കാത്തിരിക്കുന്നത്. ഈ പാതയോരങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ സഹിതമുള്ള വഴികാട്ടി ബോര്‍ഡുകള്‍ ദിശതെറ്റാതെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നു.

18 ഓളം പട്രോളിങ് വാഹനങ്ങള്‍ ഭക്തരുടെ സഹായത്തിനായി രാവും പകലും ഈ പാതകളില്‍ റോന്തുചുറ്റുന്നുണ്ട്. ഇന്‍സ്‌പെക്റ്ററും ഡ്രൈവറും അടങ്ങുന്ന പട്രോളിങ് വാഹനങ്ങളില്‍ ഫസ്റ്റ് എയ്ഡ്, റോഡ് സുരക്ഷാ ഉപകരണങ്ങള്‍, വയര്‍ലൈസ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും ഉണ്ടാകും. നിലയ്ക്കലെ ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ശബരിമല പാതകളില്‍ അപകടം ഒഴിവാക്കാനും വാഹനങ്ങള്‍ കേടായികിടന്നുള്ള ഗതാഗത തടസം ഒഴിവാക്കാനുമാണ് പ്രധാനമായും മേട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നത് എന്ന് സേഫ് സോണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പി.ഡി സുനില്‍ ബാബു പറഞ്ഞു.

നടതുറന്ന നാള്‍ മുതല്‍ ഇന്നുവരെ ഈ പാതകളില്‍ ഉണ്ടായ 740 ബ്രേക്ക് ഡൗണുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് പരിഹരിച്ചു. ഇതേവരെ 79 ഓളം ചെറു അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കേസുകളായി രജിസ്റ്റര്‍ ചെയ്യേണ്ട വിധത്തിലുള്ള അപകടങ്ങള്‍ വിരളമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ. മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം റോഡില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തിരക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെല്‍ മൂലം അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫയര്‍ ആന്‍ഡ് റസ്‌ക്യു ഫോഴ്‌സ്, ദേവസ്വം ബോര്‍ഡ്, ഹെല്‍ത്ത്, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ആര്‍.ടി.സി സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവും സേഫ് സോണ്‍ പദ്ധതിക്ക് ഉണ്ട്.
ഡ്രൈവര്‍മാര്‍ക്കും ഗുരുസ്വാമിമാര്‍ക്കുമായി തയ്യാറാക്കിയിരിക്കുന്ന ആറ് ഭാഷകളിലുള്ള   റോഡ് സുരക്ഷാ ജാഗ്രതാ നിര്‍ദേശങ്ങള്‍,   റൂട്ട് മാപ്പ്, ഹെല്‍പ്പ ലൈന്‍ നമ്പരുകള്‍ തുടങ്ങിയവ അടങ്ങിയ ലഘുലേഖകള്‍ എല്ലാ ചെക്ക്‌പോസ്റ്റുകളും ടോള്‍ പ്ലാസകളും വഴി വിതരണം ചെയ്യുന്നുണ്ട്.