*ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു. തിരഞ്ഞെടുത്ത സിനിമകളിലെ ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് ഇത്തവണത്തെ ചലച്ചിത്രമേള പുത്തൻ അനുഭവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ചലച്ചിത്ര മേളയുടെ രജത ജൂബിലി മികച്ച രീതിയിൽ നടത്താനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറിൽ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങൾക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി എത്തി ഡെലിഗേറ്റ് പാസുകൾ വാങ്ങാം. പാസുകൾക്കായി ഡെലിഗേറ്റുകൾ ദീർഘനേരം ക്യൂ നിൽക്കേണ്ട അവസ്ഥ ഒഴിവാക്കാനായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി ഏഴ് വരെ പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുന്നത്. നടൻ ഇന്ദ്രൻസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോർഡ് അംഗം സിബി മലയിൽ, പ്രദീപ് ചൊക്ലി തുടങ്ങിയവർ പങ്കെടുത്തു.