ആലപ്പുഴ: കൊല്ലം കൊടിയൂര്‍ ഗ്രാമത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാവേലിക്കരയിലാരംഭിച്ച പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന്റെ ഗദ്ദിക കരകൗശല മേളയില്‍ എത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ആര്‍ത്തവകാല പ്രശ്ന ങ്ങളില്‍ ഒരു പരിധി വരെ ആശ്വാസം പകരുന്ന ക്യു ഡേയ്‌സ് ‘സാനിറ്ററി നാപ്കിനുമായാണ്.

2014-ല്‍ കൊല്ലത്തു നിന്നുമാണ് ക്യു ഡേയ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. വിപണിയില്‍ ലഭിക്കുന്ന മറ്റു നാപ്കിനുകളെ അപേക്ഷിച്ചു ക്യു ഡേയ്‌സില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകതയെന്ന് ക്യു ഡേയ്‌സ് പ്രതിനിധികളായ കല, ബീനാമോള്‍ എന്നിവര്‍ പറയുന്നു. ചെറിയ സുഷിരങ്ങളായതിനാല്‍ അണുബാധ തടയാനും സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ക്യു ഡേയ്‌സുമായി ഇവര്‍ സംസ്ഥാനത്തു നടക്കുന്ന വിവിധ മേളകളില്‍ എത്താറുണ്ട്. ഈ മേളകളില്‍ എല്ലാം തന്നെ ജനങ്ങളില്‍ നിന്നും തങ്ങളുടെ ഉല്‍പ്പന്നത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കേരളത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പത് ക്യു ഡേയ്‌സ് നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിക്കുന്ന നാപ്കിനുകള്‍ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വഴി പഞ്ചായത്തുകള്‍ക്കാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തുകളില്‍ എത്തിക്കുന്ന നാപ്കിനുകള്‍ അതതു പ്രദേശങ്ങളിലെ സ്‌കൂളുകള്‍, കോളേജുകള്‍ വഴി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. എട്ട് പാഡുകള്‍ ഉള്ള ക്യു ഡേയ്‌സ് റെഗുലര്‍ നാപ്കിന് 36 രൂപയാണ് വില. മേളയില്‍ 3 പാക്കറ്റ് നാപ്കിന്‍ 100 രൂപയ്ക്കാണ് വില്‍ക്കുന്നത്.