കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രബലമായ ജില്ലാ ബാങ്കുകൾ ഒന്നാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറാൻ ഇനി ഏതാനും നാളുകൾ കൂടി മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാർക്ക് വായ്പ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അത്രത്തോളം വിപുലമായ സാധ്യതകളാണുള്ളത്. ഒന്നാകുമ്പോൾ ആർക്കും മാറിനിൽക്കാൻ കഴിയില്ല. കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും ബാധകമായ ബാങ്കായി കേരള ബാങ്ക് മാറും. എല്ലാഘട്ടത്തിലും നല്ലതിന്റെ കൂടെ നിൽക്കാൻ കേരളത്തിലെ സഹകാരികൾ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള മലയാളികൾക്ക് ഇടപാട് നടത്താനും പണമയക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്താൻ ശ്രമിക്കും.
ഏകീകൃത കോർ ബാങ്കിംഗ് കേരള ബാങ്കിന്റെ ഭാഗമായി ഏർപ്പെടുത്തും. പ്രാഥമിക സർവീസ് ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയൻറുകളാക്കും. അവർക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തും.

കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ളവർ ബാങ്കിംഗ് ഇടപാട് നടത്തുന്നവരാണ്. ബാങ്കിംഗ് ഇടപാട് ജനകീയമാക്കിയത് സഹകരണമേഖലയും സഹകരണ ബാങ്കുകളുമാണ്. സഹകരണ ബാങ്കുകളുടെ കരുത്ത് നാടാകെ വ്യാപിച്ചുകിടക്കുന്ന സർവീസ് സഹകരണ ബാങ്കുകളാണ്. വലിയ നിക്ഷേപം, വായ്പാ ഇടപാട്, കൃഷിക്കാരെ ഫലപ്രദമായി സഹായിക്കൽ ഒക്കെ ഈ മേഖലയുടെ മുഖമുദ്രയാണ്. ഈ കരുത്തുമായാണ് ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ശക്തമായി പ്രവർത്തിച്ചുവന്നത്.

സഹകരണമേഖല പ്രധാനമായി ലക്ഷ്യമിട്ടത് കൃഷിക്കാരെ സഹായിക്കലാണ്. കേരളത്തിലെ സഹകരണമേഖലയുടെ ശക്തി കാരണം ഒരു ഘട്ടത്തിൽ നബാർഡിന്റെ പണം കൈപ്പറ്റാതെ പോലും കർഷകർക്ക് വായ്പ നൽകാനായി. കാർഷിക വായ്പ രംഗത്തുനിന്ന് സംഘങ്ങൾ വ്യതിചലിക്കരുത്. വിവിധ മേഖലകളിൽ സഹകരണമേഖല അനേകം സേവനങ്ങൾ നൽകുന്നുണ്ട്. ഒരു കുടുംബത്തിന് ആവശ്യമായ ഏതുകാര്യവും നിർവഹിച്ചുനൽകാൻ സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്. കാലാനുസൃതമായ മാറ്റം ഓരോഘട്ടത്തിലും ഈരംഗത്ത് ഉണ്ടായിട്ടുണ്ട്. കൃഷിക്കാർക്ക് മാത്രമല്ല, ചെറുകിട കച്ചവടക്കാർക്കും വായ്പ നൽകാനായിട്ടുണ്ട്.

സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ഇത്രയും ശക്തമായ സ്ഥിതി നിലനിൽക്കുമ്പോൾ തന്നെ, ആ സ്ഥാപനം നിലനിൽക്കുന്ന പ്രദേശത്തിലെ തദ്ദേശസ്ഥാപനത്തിന്റെ ധനകാര്യ ഇടപാട് നടത്താനുള്ള സ്ഥാപനമായി മാറണം. ആ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ഒരു പഞ്ചായത്ത് അതിർത്തിയിലെ സ്ഥാപനങ്ങൾ ഒന്നായി കരുത്തുള്ളതായി മാറാനുള്ള സാധ്യത ചിന്തിക്കണം.

സഹകരണരംഗത്ത് അഴിമതി ഒരുതലത്തിലും അനുവദിക്കാനാവില്ല. വിവിധ പരിശോധനാഘട്ടങ്ങളിൽ കുറ്റമറ്റനിലയിൽ ഉയർന്നുനിൽക്കാനാകണം.
കേരള ബാങ്കിൽനിന്ന് തെറ്റിദ്ധാരണമൂലം മാറി നിൽക്കുന്നവർക്ക് ഏതു സമയത്തും സംശയം ദൂരികരിച്ച് കടന്നുവരാമെന്നും സഹകരണമന്ത്രിയോടോ മുഖ്യമന്ത്രിയോടോ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി കേരള ബാങ്കിൽ ചേർക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാർ സമർപ്പിച്ച നിവേദനവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്നും അമിതമായ സർവീസ് ചാർജ് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലയനത്തോടെ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിതിപ്പോൾ. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യമാണ് കേരള ബാങ്കിനുള്ളത്. വരുന്ന മൂന്നുവർഷത്തിനുള്ളിൽ കേരള ബാങ്കിന് മാത്രമായി മൂന്നുലക്ഷം കോടിയുടെ ബിസിനസാണ്.

കാർഷിക, കാർഷിക അനുബന്ധ വായ്പകളും ചെറുകിട, ഇടത്തര വായ്പകളും വർധിപ്പിക്കും. സഹകരണതത്വങ്ങൾക്കും മൂല്യങ്ങൾക്കും അധിഷ്ഠിതമായിരിക്കും കേരള ബാങ്കിന്റെ പ്രവർത്തനം. ജീവനക്കാരുടെ ന്യായമായ താത്പര്യങ്ങൾ സംരക്ഷിച്ചായിരിക്കും ജീവനക്കാരുടെ ലയനം പൂർത്തീകരിക്കുക. ഒരുസുപ്രഭാതത്തിൽ ചില തോന്നലുകളുടെ അടിസ്ഥാനത്തിൽ പിറവികൊണ്ടതല്ല കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.