ശബരിമലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് എതിരായ ബോധവത്കരണം സ്വാമി അയ്യപ്പന്‍മാര്‍ ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണമെന്ന് ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇരുമുടിക്കെട്ടിലും മറ്റുമായി പ്ലാസ്റ്റിക് സാമഗ്രികള്‍ കൊണ്ടുവന്നാല്‍ അവ ശബരിമലയില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവുക എന്നതുള്‍പ്പെടെ ശബരിമല തീര്‍ഥാടകര്‍ അനുഷ്ഠിക്കേണ്ട സപ്തകര്‍മ്മങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് സ്വാമിമാര്‍ വിരിവെക്കുന്ന സ്ഥലങ്ങളില്‍, പ്ലാസ്റ്റിക് തിരികെ കൊണ്ടുപോവാന്‍ തുണി സഞ്ചി വിതരണം ചെയ്യുന്നുണ്ട്.

തീര്‍ഥാടനത്തിന് അനിവാര്യമല്ലാത്തതൊന്നും കൊണ്ടുവരേണ്ടതില്ലെന്നുള്ള ബോധവത്കരണമാണ് നടത്തുന്നത്. അതുപോലെ പമ്പാനദിയെ ശുദ്ധിയായി സൂക്ഷിക്കാനും സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കാനും സന്ദേശം നല്‍കുന്നു.

തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സംഘടനകളും ക്ഷേത്രങ്ങളും ഗുരുസ്വാമിമാരുമായി ബന്ധപ്പെട്ട് ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി ബോധവത്കരണം ‘പുണ്യം പൂങ്കാവനം’ നടത്തിവരുന്നു. സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യം തരിതിരിച്ച് ശേഖരിച്ചാല്‍ താഴേക്ക് കൊണ്ടുപോയി സംസ്‌കരിക്കാന്‍ കഴിയും. പ്ലാസ്റ്റിക് മാലിന്യം എത്തിച്ചാല്‍ സംസ്‌കരിക്കാന്‍ ശുചിത്വമിഷനും ക്ലീന്‍ കേരള കമ്പനിയും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

2011 നവംബര്‍ 23ന് ആരംഭിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി ശബരിമലയുമായി ബന്ധപ്പെട്ട ഇടത്താവളങ്ങളായ എരുമേലി, നിലയ്ക്കല്‍, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും ടൂര്‍ ഓപറേറ്റര്‍മാരുടെയും വിദ്യാര്‍ഥികളുടെയും മറ്റും സജീവമായ സഹകരണത്തില്‍ ശുചീകരണം നടന്നുവരുന്നതായി പി. വിജയന്‍ പറഞ്ഞു.

എരുമേലിയിലെ ശുചീകരണത്തില്‍ പാല ബിഷപ്പ് ഉള്‍പ്പെടെ സജീവമാണ്. പമ്പാ നദിയില്‍ ശുചീകരണത്തെ തുടര്‍ന്ന് മാലിന്യം കുറഞ്ഞിട്ടുണ്ട്. വരുംതലമുറയ്ക്കായി ശബരിമലയെ സംരക്ഷിക്കാന്‍  ഉത്തരവാദിത്ത തീര്‍ഥാടനത്തിന്റെ പുതിയ സംസ്‌കാരം സൃഷ്ടിക്കാനാണ് ‘പുണ്യം പൂങ്കാവനം’ ശ്രമിക്കുന്നത്. നാം മനുഷ്യര്‍ സ്വയം തീരുമാനിക്കാതെ പ്രകൃതിയെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ചേര്‍ന്നു. യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എം. വിജയകുമാര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്രപ്രസാദ്, സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ്, എ.എസ്.ഒ. ബിജുഭാസ്‌ക്കര്‍, എ.എസ്.പി. വിവേക്്കുമാര്‍, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. ദിനേശ്, പുണ്യം പൂങ്കാവനം കോ ഓര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.