പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഹെല്‍മറ്റ് ബോധവത്ക്കരണ റാലി ശ്രദ്ധേയമായി. മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്ത ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍  ഹെല്‍മറ്റ് പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കി മാതൃകയായി.
ഉത്തരമേഖല ഡി ടി സി ടി.സി ബിനീഷ്, കോഴിക്കോട് ആര്‍ ടി ഒ എം.പി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 150 ലധികം മോട്ടോര്‍സൈക്കിള്‍ പങ്കെടുത്തു.
മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഹെല്‍മറ്റ് ധരിച്ചുള്ള റാലി ജനങ്ങള്‍ക്ക് മികച്ച സന്ദേശം നല്‍കുന്ന കാഴ്ചയായി. കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നാരംഭിച്ച റാലി ബീച്ച് ഹോസ്പിറ്റല്‍, സി എച്ച് ഓവര്‍ബ്രിഡ്ജ് വഴി സ്റ്റേഡിയം, ഭട്ട് റോഡ്, പ്രൊവിഡന്‍സ് സ്‌കൂള്‍, ഓവര്‍ബ്രിഡ്ജ്, നടക്കാവ് പോലീസ് സ്റ്റേഷന്‍, മനോരമ ജംഗ്ഷന്‍, മാവൂര്‍ റോഡ് ജംഗ്ഷന്‍ വഴി സ്റ്റേഡിയം മാനാഞ്ചിറ സി.എസ്.ഐ ചര്‍ച്ച് ഓവര്‍ബ്രിഡ്ജ് വഴി തിരിച്ചു ബീച്ചിലേക്ക് യാത്ര ചെയ്ത് സമാപിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, പി പി രാജന്‍. പി എസ് ബിജോയ്, രണ്‍ദീപ്, സനല്‍ മണപ്പള്ളി, അസിസ്റ്റന്റ് മോട്ടോര്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ടിജോ, സുരേഷ്, ടി ചന്ദ്രകുമാര്‍, ഷാജി ജോസഫ് തുടങ്ങിയവര്‍ റാലി നിയന്ത്രിച്ചു. റാലിയില്‍ കോഴിക്കോട് ആര്‍ടിഒ ഓഫീസിലെ പുരുഷ വനിതാ അംഗങ്ങളും ഡ്രൈവിംഗ് സ്‌കൂള്‍ അംഗങ്ങളും വിവിധ ഇരുചക്രവാഹന ഡീലര്‍മാരായ നിക്കോയ് ഹോണ്ട, ലുഹാ മോട്ടോഴ്‌സ്, ട്രൈസ്റ്റാര്‍, ബിഎംഡബ്ല്യു ഓട്ടോ ക്രാഫ്റ്റ്, കെ.വി.ആര്‍ ബജാജ് തുടങ്ങിയവരും കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്, മലബാര്‍ കമ്മ്യൂണിറ്റി ക്ലബും കോഴിക്കോട് നിവാസികളും പങ്കെടുത്തു. പത്തിലധികം ഇരുചക്രവാഹനങ്ങളില്‍ വനിതകളുടെ സാന്നിധ്യവും ശ്രദ്ധേയമായി.