ജില്ലയിലെ സഹകരണ ബാങ്കുകള്‍, ഇനി ഒരു കുടക്കീഴില്‍. സഹകരണ ബാങ്ക് ശാഖജീവനക്കാരും പൊതു പ്രവര്‍ത്തകരും അണിനിരന്ന് ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടന്നു. പുതുതലമുറ ബാങ്കുകളേക്കാള്‍ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഇനി വയനാടിന്റെ സമ്പദ്‌വ്യസ്ഥയിലും ഉണര്‍വുണ്ടാക്കും. ഇന്റര്‍നെറ്റ് പെയ്മന്റ്, എ.ടി.എം, ആര്‍.ടി.എഫ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നീ ആധുനിക സംവിധാനങ്ങള്‍ കേരളബാങ്കിനുണ്ടാകും. സംസ്ഥാനതലത്തില്‍ 1640 പ്രാഥമിക സഹകരണബാങ്കുകളെയാണ് കേരള ബാങ്ക് ഒന്നിപ്പിക്കുന്നത്. ജില്ലാ ബാങ്കിനു കീഴിലുള്ള 850 ശാഖകളും കേരള ബാങ്കിന് കരുത്താകും. ചെറുകിട വ്യവസായ സംരംഭങ്ങള്‍, സ്വയം തൊഴില്‍ പ്രോത്സാഹനം, ഗ്രാമീണ മേഖലയുടെ ശാക്തീകരണം, കൃഷി എന്നീ രംഗത്തെല്ലാം ആകര്‍ഷകമായ വായ്പാ സംവിധാനം കേരള ബാങ്കിനുണ്ടാകും.

സി.കെ.ശശീന്ദ്രന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ പി. റഹിം കേരള ബാങ്ക് വിശദീകരണ പ്രഭാഷണം നടത്തി. പി.ഗഗാറിന്‍, പി.വി. സഹദേവന്‍, കെ. സുഗതന്‍, വി. വി. ബേബി, വി.സുലോചന, കെ. സച്ചിദാനന്ദന്‍, കെ. ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു