കാക്കനാട്: ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളെ സുസ്ഥിര വികസന പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനായി ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. കുടുംബ സംഗമവേദികളില്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തി ഗുണഭോക്താക്കള്‍ക്ക് അവ ലഭ്യമാക്കുന്നതിന് അവസരമൊരുക്കും. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം ഭവനം ലഭ്യമാക്കിയതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് അറിയിച്ചു. അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന ലൈഫ് മിഷന്‍ എറണാകുളം മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക്തലത്തില്‍ 1000 മുതല്‍ 2000 വരെ ഗുണഭോക്താക്കളാണ് ഉള്ളത്. വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ കുടുംബ സംഗമവേദികളില്‍ ഒരുക്കി അവരുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ഉറപ്പാക്കും. രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് പുതുജീവിതം നല്‍കിയ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്് ആവശ്യമായ പ്രചാരണം നല്‍കണമെന്ന് പറഞ്ഞ യു.വി ജോസ് ഇതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പ്രധാന പങ്ക് വഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
രാവിലെ 10 മണി മുതല്‍ കുടുംബ സംഗമങ്ങള്‍ ആരംഭിക്കും. സംഗമങ്ങളോട് അനുബന്ധിച്ചാണ് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. കുടുംബ സംഗമങ്ങളുടെ നടത്തിപ്പിനായി ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘാടക സമിതികള്‍ രൂപീകരിക്കും. ജില്ലാതലത്തിലെ സംഘാട സമിതി ഈ മാസം 15ന് മുമ്പായി ചേരും. അതിന് ശേഷം ബ്ലോക്ക്തല സംഘാടക സമിതികളും ചേരും. ജില്ലയുടെ ചുമതലയുള്ള മന്ത്രി രക്ഷാധികാരിയായ ജില്ലാതല സംഘാടക സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറുമായിരിക്കും. ജില്ലയിലെ 20ഓളം വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍്ട്ടീ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും.
എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലാതല യോഗത്തില്‍ ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ സാബുക്കുട്ടന്‍ നായര്‍, പ്രോഗ്രാം മാനേജര്‍ അനൂപ്, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഏണസ്റ്റ് സി. തോമസ്, ലൈഫ് മിഷന്റെ ജില്ലാതല പ്രൊജക്ട് ഡയറക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.