കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി.
മറൈൻ ഡ്രൈവിലെ അനധികൃത ബോട്ട് ജെട്ടികൾക്കെതിരെയും സ്വകാര്യ വ്യക്തികൾ കയ്യടക്കിയ കൊച്ചി- തിരുവിതാംകൂർ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന മുക്കുറ്റി കുളവും രണ്ട് ഏക്കർ സ്ഥലവും പരമാനന്ദ ദേവസ്വം ബോർഡിന്റെ 22 സെന്റ് സ്ഥലം, അടക്കമുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കാനും താലൂക്ക് വികസന സമിതിയിൽ തീരുമാനമായി. ലൂർദ്ദ് ആശുപത്രിക്ക് അനധികൃതമായി വാട്ടർ കണക്ഷൻ നൽകിയതിൽ അന്വേഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു.

നഗരത്തിലെ സർവ്വീസ് റോഡുകളിലെ അനധികൃത പാർക്കിങ്ങിനെതിരെയും നടപടി എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ചിറ്റൂർ – ചേരാനെല്ലൂർ – പോന്നേക്കര തുടങ്ങിയ സ്ഥലങ്ങളിലേക്ക് രാത്രി സമയത്ത് ബസ്സുകൾ ട്രിപ്പ് മുടക്കുന്നതിനെതിരെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ ആർ ടി ഒ ക്ക് നിർദ്ദേശം നൽകി.

ചിറ്റൂർ ഫെറി ജെട്ടി അപകടാവസ്ഥയിലാണെന്നും ബോട്ട് അടുപ്പിക്കാൻ കുറ്റിയില്ല കൂടാതെ മാനദണ്ഡം പാലിക്കാതെ ചീനവല പെരുകുകയാണെന്നും പരാതി ഉയർന്നു. പുല്ലേപ്പടി പാലത്തിന് താഴെ കനാലിന് ഇരുവശവും കെട്ടിപ്പൊക്കുന്നതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നു.

ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തഹസിൽദാർ ബീന പി ആനന്ദ്, വികസന സമിതി അംഗങ്ങളായ പി.ആർ ബിജു, മനോജ് പെരുമ്പിള്ളി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ, കെഎസ്ഇബി, പൊലീസ് , വാട്ടർ അതോറിറ്റി, ആർറ്റിഒ, കൊച്ചിൻ കോർപ്പറേഷൻ , കെ എസ് ആർ ടി സി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.