ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങൾക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയിലും സ്ഥാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-16ലെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കും 2016ലെ മികച്ച കരകൗശല വിദഗ്ധർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായരംഗത്ത് 70 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളാണ്. ഇവ കഴിയുന്നത്ര വിപുലീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ വ്യവസായരംഗത്ത് വൻ മാറ്റമുണ്ടാകും. കഴിഞ്ഞ മൂന്നുവർഷക്കാലയളവിൽ 54000 ഇത്തരം യൂണിറ്റുകളാണ് കേരളത്തിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇതുവഴി 4000 കോടിയിലേറെ നിക്ഷേപം ഉണ്ടാവുകയും 1,82,200 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
വ്യവസായങ്ങൾക്ക് ലൈസൻസുകളും അനുമതികളും ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാണ് കെ-സ്വിഫ്റ്റ് പോലുള്ള ഏകജാലക സംവിധാനം ഏർപ്പെടുത്തിയത്.

പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ അപേക്ഷ നൽകിയാൽ മാത്രം മതി, മൂന്നുവർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ച് ആറുമാസത്തിനുള്ളിൽ മറ്റു ലൈസൻസുകൾ നേടിയാൽ മതി. വ്യവസായങ്ങൾക്ക് വൈദ്യുതിയും വെള്ളവും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോഴിക്കോട് നടന്ന കോക്കനറ്റ് എക്സ്പോയുടെ തുടർച്ചയായി കാസർകോട്, കണ്ണൂർ ജില്ലകളിൽ സ്ഥലം കണ്ടെത്തി നാളികേര അധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്.

കിഫ്ബി ഉൾപ്പെടെയുള്ള സ്രോതസ്സുകളിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. മികച്ച സാങ്കേതികവിദ്യ കൂടി ലഭ്യമാക്കി അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യെമന്നും മന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിൽ സംസ്ഥാനതല, ജില്ലാതല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.
വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് ആമുഖ പ്രഭാഷണം നടത്തി. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി രാജമാണിക്യം, ശിൽപി കാനായി കുഞ്ഞിരാമൻ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡൻറ് എം. ഖാലിദ് എന്നിവർ ആശംസയർപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ബിജു സ്വാഗതവും അസി: ഡയറക്ടർ എസ്. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.