ഭക്തജനസൗകര്യങ്ങള്‍, ഭക്തജനസാന്നിധ്യം, സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ദേവസ്വംബോര്‍ഡിന്റേയും ഏകോപനം എന്നീ കാര്യങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണത്തെ തീര്‍ഥാടനം മികവുറ്റതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലപൂജയ്ക്ക് മുന്‍പായി തീര്‍ഥാടകര്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മണ്ഡല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനമുണ്ടായി. മണ്ഡല ഉത്സവകാലം മനോഹരമാകാന്‍ ഇത് സഹായകമായി. വലിയ തോതില്‍ തീര്‍ഥാടകര്‍ എത്തിയ തീര്‍ഥാടനകാലമായിരുന്നു ഇത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ ഏര്‍പ്പെടുത്താന്‍ സാധിച്ചു. മണ്ഡലപൂജയും മകരവിളക്കും തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാകാതെ മികച്ച രീതിയില്‍ നടത്താന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം. മണ്ഡലകാലത്ത് പോലീസും മികച്ച പ്രകടനം നടത്തിയെന്ന് മന്ത്രി പറഞ്ഞു.

നിലയ്ക്കലിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കും. നിലയ്ക്കലില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുന്ന മാലിന്യങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം. മാലിന്യങ്ങളില്‍ ആകൃഷ്ടരായി ആനക്കൂട്ടം ഇവിടെ എത്തുന്നത് പതിവാണ്. ഇത് ജനങ്ങള്‍ക്കും ആനക്കൂട്ടത്തിനും അപകടകരമായതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇലവുങ്കല്‍, ചാലക്കയം, നിലയ്ക്കല്‍, പമ്പ മേഖലകളില്‍ ബി.എസ്.എന്‍.എല്ലിന്റെ സേവനം മെച്ചപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതിന് ആവശ്യമായ വാഹനസൗകര്യം കെ.എസ്.ആര്‍.ടി.സി. ഉറപ്പുവരുത്തണം. എല്ലാ സമയത്തും 65 ബസുകള്‍ പമ്പയില്‍ ഉണ്ടാകണം. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നത് കണക്കിലെടുത്തുള്ള ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയില്‍ മൂന്ന് സ്ഥലങ്ങളില്‍ വേഗത്തില്‍ മലകയറുന്നതുമൂലം ഹൃദയാഘാതം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിവരം യുവജനങ്ങളെ അറിയിക്കുന്നതിന് ബോര്‍ഡുകള്‍ വയ്ക്കണം. ഇത്തവണ തീര്‍ഥാടനകാലത്ത് ഹൃദയാഘാതംമൂലം മരിച്ച 14പേരില്‍ ഏഴുപേരും യുവാക്കളാണെന്നത് കണക്കിലെടുത്താണ് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

പമ്പ കെ.എസ്.ആര്‍.ടി.സിയില്‍ തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണം നടത്തുന്നതിന് അയ്യപ്പസേവാസംഘത്തിന് ആവശ്യമായ സ്ഥലം അനുവദിക്കണമെന്ന് വനംവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. മണ്ഡലകാലത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹും ശബരിമല എ.ഡി.എം. എന്‍.എസ്.കെ. ഉമേഷും വകുപ്പുകളെ മികച്ച രീതിയില്‍ ഏകോപിപ്പിച്ചു. ഭക്തര്‍ നല്ലതുമാത്രം പറഞ്ഞാണ് തീര്‍ഥാടനത്തിനുശേഷം സംതൃപ്തിയോടെ മടങ്ങുന്നത്. തീര്‍ഥാടകര്‍ക്ക് നല്ല സേവനം നല്‍കിയതിന് ഉദ്യോഗസ്ഥരോടും സന്നദ്ധപ്രവര്‍ത്തകരോടും സര്‍ക്കാരിനുള്ള നന്ദി മന്ത്രി അറിയിച്ചു.

ശബരിമലയിലേയും  പമ്പയിലേയും നിലയ്ക്കലിലേയും ടോയ്‌ലറ്റുകള്‍ മികച്ച രീതിയിലാണ് ദേവസ്വം ബോര്‍ഡ് പരിപാലിക്കുന്നത്. തുടര്‍ന്നുള്ള തീര്‍ഥാടനകാലത്തും ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഇതിനായി നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കുന്നതിന് ശബരിമല എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പോലിസുമായി കെ.എസ്.ആര്‍.ടി.സി. ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. നിലയ്ക്കല്‍ മുതല്‍ പമ്പവരെ ബി.എസ്.എന്‍.എല്ലിന്റെ കവറേജ് മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ഥാടനം മികച്ച രീതിയില്‍ നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ ഇടപെടലാണ് നടത്തിയതെന്ന്  പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. എക്കാലത്തേയും മികച്ച ശബരിമല തീര്‍ഥാടനമാണ് ഇത്തവണത്തേത് എന്നും അദ്ദേഹം പറഞ്ഞു.

തീര്‍ഥാടനം ഭംഗിയായി മുന്നോട്ട് പോവുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. അന്നദാനത്തിന് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പം-അരവണ എന്നിവയുടെ മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. നെഗറ്റീവ് പറയാനില്ലാത്ത തീര്‍ഥാടനകാലം കൂടിയാണ് കടന്നുപോകുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, പൊതുഭരണ-ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, കോട്ടയം ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ശബരിമല എ.ഡി.എം. എന്‍.എസ്.കെ. ഉമേഷ്, തിരുവല്ല സബ്കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ദേവസ്വം കമ്മീഷണര്‍ എം. ഹര്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.