രാജ്യത്തെ ആഭ്യന്തര ടൂറിസത്തിന്റെ അളവ്, പ്രത്യേകത, സാധ്യത, ചെലവ് എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മുഖേന സർവ്വേയ്ക്ക് മുന്നോടിയായിട്ടുള്ള പരിശീലന ക്യാമ്പ് സമാപിച്ചു.  2020 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കുന്ന സർവ്വേയ്ക്ക് മുന്നോടിയായി  സംഘടിപ്പിച്ച  ക്യാമ്പ് സ്റ്റാച്യുവിലെ ഹോട്ടൽ മൗര്യ രാജധാനിയിലാണ് നാലു ദിവസമായി  സംഘടിപ്പിച്ചത്.
ഗാർഹിക സ്വഭാവ സവിശേഷതകൾ, സന്ദർശക സവിശേഷതകൾ, ആഭ്യന്തര രാത്രികാല യാത്രകളുമായി ബന്ധപ്പെട്ട യാത്രാ സവിശേഷതകൾ എന്നീ വിവരങ്ങൾ ഇതോടൊപ്പം ശേഖരിക്കും. ടൂറിസം മന്ത്രാലയത്തിന് മൂന്നാം ടൂറിസം സാറ്റലൈറ്റ് അക്കൗണ്ട് തയ്യാറാക്കുന്നതിന് വിവരങ്ങൾ ഉപയോഗിക്കും. ആഭ്യന്തര ഏകദിന യാത്രാ ചെലവുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം എന്നീ വിവരങ്ങളും വിശദമായി പരിശോധിക്കും. ടൂറിസം സംബന്ധിച്ച് 2014-15 കാലയളവിലാണ് അവസാനമായി സർവ്വേ നടത്തിയത്.
ആഭ്യന്തര ടൂറിസത്തോടൊപ്പം  വിവിധോദ്ദേശ സൂചികകൾ സംബന്ധിച്ച വിവരങ്ങളും സർവ്വേയിലൂടെ ശേഖരിക്കും. വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ വി. രാമചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ മഞ്ജു മേരി പോൾ, ജോയിന്റ് ഡയറക്ടർ മുഹമ്മദ് യാസിർ എഫ്., ഡെപ്യൂട്ടി ഡയറക്ടർ എൻ. എൻ.രെജി,  എൻ.എസ്.ഒയുടെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥർ, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.