സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ റെസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും സമയബന്ധിതമായി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ വൈക്കത്തെ വിശ്രമാലയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ, കോട്ടയം റെസ്റ്റ് ഹൗസുകളുടെ നവീകരണം ഉടന്‍ തന്നെ നടത്തും. പൊതുമരാമത്ത് റെസ്റ്റ് ഹൗസിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ ഒരു എക്സിക്യുട്ടിവ് എഞ്ചിനീയറെയോ അസി.എഞ്ചിനീയറെയോ നിയമിക്കും. ഇപ്പോള്‍ പല വിശ്രമകേന്ദ്രങ്ങളിലുമുളള ജീവനക്കാരുടെ കുറവ് നികത്തും. നല്ല ഭക്ഷണം, ന്യായമായ നിരക്കില്‍ താമസം ഇവ ഉറപ്പു വരുത്തും. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. വാര്‍ത്തകള്‍ സമസ്‌ക്കരിച്ചാലും ആശയകുഴപ്പം സൃഷ്ടിക്കുന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുത്. ഇത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും -അദ്ദേഹം പറഞ്ഞു.
സി. കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ പി. നാരായണന്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി. സുഗതന്‍, കെ. കെ രജ്ഞിത്ത്, കലാ മങ്ങാട്, കൗണ്‍സിലര്‍ ആര്‍. സന്തോഷ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഇ.കെ ഹൈദ്രു, പിഡബ്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
