കാക്കനാട്: ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതി ജനുവരി മുതൽ ജില്ലയിൽ കർശനമാക്കും. ജനുവരി ഒന്നു മുതൽ വാട്ടർ അതോറിറ്റി സ്റ്റേഷനുകളിൽ നിന്നുമാത്രമേ കുടിവെള്ളം ടാങ്കർ ലോറികളിൽ ശേഖരിക്കാവൂ. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുന്നതിന് നിർവഹണ ഉദ്യോഗസ്ഥർ, ടാങ്കർ ലോറി ഉടമകൾ, സെപ്റ്റിക് മാലിന്യങ്ങൾ കൊണ്ടു പോകുന്ന ലോറി ഉടമകൾ എന്നിവരുടെ യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കുടിവെള്ളത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച് ക്വാളിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തണം. വിതരണം ചെയ്യുന്ന ജലം അംഗീകൃത ലാബുകളിൽ എല്ലാദിവസവും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. നിലവിൽ 13 ഹൈഡ്രന്റുകളാണ് വാട്ടർ അതോറിറ്റിക്ക് കീഴിൽ വരുന്നത്. ഇവിടെ നിന്നും വെള്ളം ശേഖരിക്കുന്ന ടാങ്കർ ലോറികളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. പിവിസി പ്ലാസ്റ്റിക് നിർമ്മിത ടാങ്കുകളിൽ കുടിവെള്ളം നിറയ്ക്കുന്നത് അനുവദനീയമല്ല.

ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടുപോകുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ലൈസൻസ് എടുക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ളവിതരണം നടത്തേണ്ടതും മറ്റു ആവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യം രേഖപ്പെടുത്തേണ്ടതുമാണ്. പാറമടകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുകയും മലിനജലം വിതരണം ചെയ്യുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് ഫുഡ്സേഫ്റ്റി സ്ക്വാഡിന് നിർദേശം നൽകി. കുടിവെള്ള വിതരണത്തിനുള്ള ടാങ്കറുകളിൽ നീലനിറവും, നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സൈറ്റിലേക്കുള്ള വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളിൽ ബ്രൗൺ നിറവും മാലിന്യം കൊണ്ടു പോകുന്ന വാഹനങ്ങളിൽ മഞ്ഞ നിറവും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണം. കുടിവെള്ള ടാങ്കിന്റെ ഉൾവശത്ത് ഇപിഐ കോട്ടിങ് നിർബന്ധമായും ഉണ്ടായിരിക്കണം.

കുടിവെള്ളം കൊണ്ടുപോകുന്ന വാഹനങ്ങൾ കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശോധനകൾ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. വാഹനങ്ങൾ പരിശോധിക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ ബില്ല്, സീൽ എന്നിവ ഇല്ലാത്ത വാഹനങ്ങൾ പോലീസ് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

ജലസ്രോതസ്സുകളിലേക്ക് തുറന്ന് വിട്ടിട്ടുള്ള സെപ്റ്റിക് ടാങ്കുകളുടെ വാൽവുകൾ സമയബന്ധിതമായി പരിശോധന നടത്തി അടപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ശ്രദ്ധിക്കണം.

വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനും ജല അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ചെയ്യുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകി.

ജനുവരി ഒന്നു മുതൽ എല്ലാ വകുപ്പുകളും കുടിവെള്ള വിതരണ പരിശോധന കൃത്യമായ രീതിയിൽ നടപ്പിലാക്കണമെന്നും റിപ്പോർട്ടുകൾ അന്നന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്നും നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ ആർഡിഒ ആർ രേണു, ആഭ്യന്തരം, തദ്ദേശ സ്വയംഭരണം, റവന്യൂ, ഗതാഗതം, ജലവിഭവം, ആരോഗ്യം, ഭക്ഷ്യ പൊതുവിതരണം, ഉപഭോക്തൃ കാര്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.