അബ്കാരി തൊഴിലാളികളുടെതുൾപ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക്  പരിഹാരം   കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാരിന് അനുഭാവ പൂർണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സംസ്ഥാനതല വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

അബ്കാരി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുന്നതിന് ബോർഡ് സമർപ്പിച്ച നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. ധന-നിയമ വകുപ്പുകളുടെ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി നടപടിക്രമങ്ങൾ പാലിച്ച് നിർദേശങ്ങൾ വേഗത്തിൽ  നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്രിസ്മസിന് മുൻപ് പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ കൊടുത്തു തീർത്ത് സാധാരണ ജനങ്ങളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ പൊതുജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം തൊഴിലാളികളുടെ  പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരവുമുറപ്പാക്കുകയാണ്.

തൊഴിലാളികളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നുണ്ടെങ്കിൽ അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തൊഴിലാളി സംഘടനകൾ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പറഞ്ഞിരിക്കുന്ന മിനിമം കൂലി 176 രൂപയാണ്. എന്നാൽ കേരള സർക്കാർ മിനിമം വേതനത്തിൽ വലിയ വർധന വരുത്തി ചുരുങ്ങിയ കൂലി 600 രൂപയെങ്കിലുമാക്കി മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി വർജ്ജനത്തിനായി സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ള വിമുക്തി മിഷന്റെ പ്രവർത്തനങ്ങളുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും പങ്കു ചേരണം. ലഹരിവിപത്തിനെതിരേയുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഏവരും സന്നദ്ധമാകണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം  മേയർ കെ. ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ.മണി ശങ്കർ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ വിദ്യാമോഹൻ, ഡയറക്ടർ ബോർഡംഗങ്ങൾ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ബിനാമോൾ വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തൈക്കാട് പി.ഡബ്ളു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ  ‘2018-2019 അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അബ്കാരി തൊഴിലാളികളുടെ മക്കൾക്ക് മന്ത്രി സമ്മാന വിതരണം നടത്തി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും, സ്വർണ നാണയവും, പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.