ലോക കേരള സഭ 2020 ന്റെ സാംസ്‌കാരിക അവതരണങ്ങൾക്ക് മിഴിവേകാൻ പ്രവാസ സംഗീതിക അരങ്ങേറും. ഇന്ന് (ജനുവരി 2) വൈകിട്ട് 7.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിക്കുന്ന സവിശേഷ ഹിന്ദുസ്ഥാനി സംഗീത വിരുന്ന് അരങ്ങേറും. തുടർന്ന് പ്രവാസ സംഗീതിക എന്ന ഗ്ലോബൽ എക്സൈൽ ബാൻഡ് മൾട്ടി മീഡിയ മെഗാഷോ അവതരിപ്പിക്കും.
പ്രവാസ ജീവിതത്തിലൂടെ മലയാളി സ്വായത്തമാക്കിയ അന്തർദേശീയ സംഗീതങ്ങളിലൂടെ ഉള്ള ആലാപന ദൃശ്യ യാത്രയാണ് നാടക ചലച്ചിത്ര സംവിധായകനും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ സാക്ഷാത്കാരം നിർവ്വഹിക്കുന്ന പ്രവാസ സംഗീതിക. ആഫ്രിക്ക, റഷ്യ, പഞ്ചാബ്, തെലുങ്കാന, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വിഖ്യാത ഗായക സംഘമാണ് പ്രവാസ സംഗീതിക വേദിയിൽ അവതരിപ്പിക്കുന്നത്.
പ്രമുഖ നൈജീരിയൻ സംഗീതജ്ഞൻ ജോർജ്ജ് അക്വിറ്റി അബ്ബാൻ, യൂറോപ്പിൽ നിന്നുള്ള ബ്യൂഗിൾ കലാകാരി അലീനവാഗിൻ, സൂഫി ഗായിക അനിത ഷേക്ക്, ജാസി ഗിഫ്റ്റ്, സി.ജെ.കുട്ടപ്പൻ, മത്തായി സുനിൽ തുടങ്ങിയവർ ലോക സംഗീത ശൈലികൾ അവതരിപ്പിക്കും. ജാംബേ സംഗീത ഉപകരണങ്ങൾ പ്രേക്ഷകർക്ക് കൈമാറി കൊണ്ടുള്ള വൈവിധ്യമാർന്ന മ്യൂസിക് ഇൻട്രാക്ഷനും പ്രവാസി സംഗീതികയുടെ ഭാഗമായി അരങ്ങേറും.