കാക്കനാട്: ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ള ഉപഭോക്താക്കളുടെ യോഗം കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേർന്നു. ജില്ലയിലെ വിവിധ മാളുകൾ, ആശുപത്രികൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഇന്ന് രാവിലെ മുതൽ ടാങ്കർ കുടിവെള്ള വിതരണത്തിൽ തടസ്സം നേരിട്ടതായി വിവിധ ഉപഭോക്താക്കൾ യോഗത്തിൽ അറിയിച്ചു. കൃത്രിമ കുട്ടിവെള്ള ക്ഷാമം സൃഷ്ടിക്കുവാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമായിട്ടാണ് ജില്ലാഭരണകൂടം ഇതിനെ കാണുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ പറഞ്ഞു. കുടിവെള്ളവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി കളക്ട്രേറ്റിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും. ജില്ലയിൽ ടാങ്കർ ലോറികളിൽ ആവശ്യമായ ശുദ്ധജല ലഭ്യത വാട്ടർ അതോറിട്ടിയുടെ വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.

ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായുള്ള ഓപ്പറേഷൻ പ്യൂവർ വാട്ടർ പദ്ധതി ഇന്ന് മുതൽ ജില്ലയിൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ സഹകരിക്കാൻ ടാങ്കർലോറികൾ തയ്യാറായിട്ടില്ലെന്ന് ഡെപ്യൂട്ടി കളക്ടർ ചൂണ്ടിക്കാട്ടി. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന ജല വിതരണ ടാങ്കറുകളുടെ കാര്യത്തിൽ ഇളവ് അനുവദിക്കാമെങ്കിലും കുടിവെള്ള വിതരണത്തിൽ പരിശോധന കർശ്ശനമാക്കും. ഇതുവരെ കളക്ടറേറ്റിൽ കുടിവെളള വിതരണത്തിനായി 12 ടാങ്കറുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളൂ. രജിസ്ട്രേഷന്റെ കാര്യത്തിൽ ഇളവനുവദിക്കാൻ ജില്ലാഭരണകൂടം തയ്യാറല്ലെന്ന് ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന പരിശോധന സംഘങ്ങളുടെ റിപ്പോർട്ടുകളുടെയും യോഗത്തിൽ ഉന്നയിച്ച വിവിധ ഉപഭോക്താക്കളുടെ നിർദേശങ്ങളും പരിഗണിച്ച്‌ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.