കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ലൈഫ്, പ്രധാനമന്ത്രി ആവാസ് അർബൻ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടത്തി. കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. 1513 ഗുണഭോക്താക്കൾ പങ്കെടുത്തു.
ഒരു വീട് എന്നതിനപ്പുറം വീടുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തുന്നത്.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള വിവിധ ജനക്ഷേമ പദ്ധതികളുടെ ഫലം പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഹെൽപ് ഡെസ്കുകൾ സംഗമത്തോടനുബന്ധിച്ച് പ്രവർത്തിപ്പിച്ചിരുന്നു. ആധാർ എൻറോൾമെന്റ്, റേഷൻ കാർഡിൽ പേരു ചേർക്കൽ, വൈദ്യുതി – കുടിവെള്ള കണക്ഷന് അപേക്ഷിക്കൽ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. പട്ടികജാതി വികസനം , ഫിഷറീസ്, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെ കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ടൈലുകൾ, പൈപ്പ്, ഇലക്ട്രിഫിക്കേഷൻ സാമഗ്രികൾ, പെയിൻറ് തുടങ്ങിയവ 40 മുതൽ 60 % വരെ വിലക്കുറവിൽ നൽകുന്നതിനുള്ള സ്റ്റാളുകളുമുണ്ടായിരുന്നു.