ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായ സഹകരണങ്ങള്‍ ലഭിച്ചതുവഴി തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ സജീകരങ്ങളും പൂര്‍ത്തിയായെന്നും എന്തെങ്കിലും പോരായ്മ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും. സന്നിധാനത്തും നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനാവശ്യമായ കെ.എസ്.ആര്‍.ടി.സി ബസും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
യോഗത്തില്‍ പോലീസ്, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെയും പന്തളം മുനിസിപ്പാലിറ്റിയുടെയും സേവനങ്ങള്‍ വിലയിരുത്തുകയും പന്തളം കൊട്ടാരം  നിര്‍വാഹക സമിതിയുടെയും തിരുവാഭരണം വഹിക്കുന്ന ഗുരുസ്വാമിയുടെയും ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാര്‍, അഡ്വ.കെ.എസ് രവി, പന്തളം നഗരസഭാധ്യക്ഷ ടി.കെ സതി, ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ്, അടൂര്‍ ആര്‍.ഡി.ഒ: പി.ടി എബ്രഹാം, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, അടൂര്‍ ഡിവൈ.എസ്.പി ജവാഹര്‍ ജനാര്‍ദ്ദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ, പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ജി.ശശികുമാരവര്‍മ്മ, പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗങ്ങളായ പി.എന്‍ നാരായണവര്‍മ്മ, പ്രദീപ് കുമാര്‍ വര്‍മ്മ,  പന്തളം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍ ജയന്‍, കൗണ്‍സിലര്‍ കെ.ആര്‍ രവി, അസി. ദേവസ്വം കമ്മീഷണര്‍ ജി.മുരളീധരന്‍പിള്ള, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.എസ് ഉണ്ണിത്താന്‍, ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വീപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.