പ്രാദേശിക തലത്തിലെ ദുരന്തപ്രതിരോധ  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 21ന് രാവിലെ 9.30ന്  തിരുവനന്തപുരത്ത് നിർവഹിക്കും. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനാകും.

പ്രകൃതി സൗഹാർദ പുനർനിർമാണവും ദുരന്തപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനാഭിപ്രായം ശേഖരിക്കുന്ന ‘നമ്മൾ നമുക്കായി’ പരിപാടിക്കും അന്ന്  തുടക്കമാകും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, ഇ.പി ജയരാജൻ, ഡോ. ടി.എം തോമസ് ഐസക്, കെ രാജു, കെ കൃഷ്ണൻകുട്ടി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ, മേയർ കെ ശ്രീകുമാർ, ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

വാർഡ് തലത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനായി ഫെബ്രുവരിയിൽ പ്രത്യേക ഗ്രാമസഭകൾ ചേരും. അതിനുമുന്നോടിയായി സംസ്ഥാനത്തുടനീളം 2.46 ലക്ഷം പ്രവർത്തകർക്ക് കില വഴി പരിശീലനം നൽകുകയാണ്. പഞ്ചായത്ത്തലത്തിൽ നമ്മൾ നമുക്കായി വികസന സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച്   http://pcp.rebuild.kerala.gov.in/ എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യാം.

പ്രത്യേക ഗ്രാമസഭ മുതൽ പ്രത്യേക നിയമസഭ സമ്മേളനം വരെ നീണ്ട് നിൽക്കുന്ന പരിപാടിയാണ് നമ്മൾ നമുക്കായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആസൂത്രണ വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.