കൊച്ചി: ബാലാവകാശ സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഷാജി.പി. ചാലി അഭിപ്രായപ്പെട്ടു. എറണാകുളം ലോ കോളജ് അസംബ്ലി ഹാളിൽ നടന്ന ബാലനീതി ശാക്തീകരണ ശിൽപശാല ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലനീതി കമ്മിറ്റി ചെയർമാൻ കൂടിയായ അദ്ദേഹം. ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളുണ്ടായാൽ മാത്രമേ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച വക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ് അധ്യക്ഷത വഹിച്ചു. കമ്മീഷനംഗം ഫാ: ഫിലിപ്പ് പാറക്കാട്ട്, ജുവൈനൽ ജസ്റ്റീസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ത്രേറ്റ് രഞ്ജിത് കൃഷ്ണൻ, പോക്സോ സെഷൻസ് ജഡ്ജ് പി.ജെ വിൻസന്റ്, ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ശാലീന.വി.നായർ, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ബിറ്റി.കെ.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷനംഗം എം.പി. ആൻറണി സ്വാഗതവും, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.ബി. സൈന നന്ദിയും പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണീറ്റ് എന്നിവ സംയുക്തമായാണ് ബാല നീതി കർത്തവ്യ വാഹകർക്കായി ശിൽപശാല നടത്തിയത്.

ഫോട്ടോ അടിക്കുറിപ്പ്:

ബാലനീതി കർത്തവ്യ വാഹകർക്കായി നടത്തിയ ശിൽപശാല ജസ്റ്റീസ് ഷാജി.പി.ചാലി ഉദ്ഘാടനം ചെയ്യുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ്, അംഗം എം.പി ആന്റണി, പ്രിൻസിപ്പൽ മജിസ്ത്രേറ്റ് രഞ്ജിത് കൃഷ്ണൻ, സെഷൻസ് ജഡ്ജ് പി.ജെ. വിൻസന്റ് എന്നിവർ സമീപം.