നെതർലന്റ്‌സും കേരളവും തമ്മിൽ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് സംയുക്ത മേൽനോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

മുഖ്യമന്ത്രി നെതർലന്റ്‌സ് സന്ദർശിച്ചപ്പോഴും നെതർലന്റ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോഴും എടുത്ത തീരുമാനങ്ങൾ വേഗം പ്രാവർത്തികമാക്കുന്നതിനാണ് മേൽനോട്ട സംവിധാനം ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചർചയിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നെതർലന്റ്‌സ് ഡെപ്യൂട്ടി കോൺസൽ ജനറൽ ഹീന ലഗവീൻ എന്നിവരും പങ്കെടുത്തു.

റോട്ടർഡാം പോർട്ടുമായി സഹകരിച്ച് കേരളത്തിലെ തുറമുഖങ്ങളുടെ വികസനം, സാംസ്‌കാരിക പൈതൃക പരിപാടി, പഴം-പച്ചക്കറി കൃഷി വികസനത്തിന് മികവിന്റെ കേന്ദ്രം സ്ഥാപിക്കൽ, ട്രാൻസ്‌പോർട്ട് സാങ്കേതിക രംഗത്തെ സഹകരണം, സ്‌പോർട്‌സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളിൽ കേരളവും നെതർലന്റ്‌സും സഹകരിക്കാൻ ധാരണയായിട്ടുണ്ട്. നെതർലന്റ്‌സിലെ ‘റൂം ഫോർ റിവർ’ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവർത്തികമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.