ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ അയ്യപ്പന്മാര്‍ക്ക് തുണയായി. www.sabarimala.kerala.gov.inwww.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. www.kerala.gov.in വഴിയും കയറാവുന്ന ഒന്നാമത്തെ സൈറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍, ശബരിമലയുടെ ഐതീഹ്യം, ആചാരങ്ങള്‍, പൂജകളുടെ വിവരണം, ദര്‍ശനത്തിനുള്ള കലണ്ടര്‍ എന്നിവയ്ക്ക് പുറമെ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയാ സെന്ററില്‍ നിന്നും പുറത്തിറങ്ങുന്ന മലയാളം, ഇംഗ്ലീഷ് പത്രക്കുറിപ്പുകളും വായിക്കാം.

കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ വിവരങ്ങള്‍, വിവിധയിടങ്ങളില്‍ നിന്നും പമ്പയിലേക്ക് വരുന്ന ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്കുകള്‍, പമ്പയിലേക്കുള്ള ദൂരം, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വിവിധ ഗസ്റ്റ്ഹൗസുകള്‍, നിരക്കുകള്‍, റൂട്ട്മാപ്പ്, സന്നിധാനം, പമ്പ, ളാഹ എന്നിവടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണ പാനീയനിരക്കുകള്‍, ആതുരസേവനം ലഭിക്കുന്ന ആശുപത്രികള്‍ എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് സൗകര്യപ്രദമായി.

സര്‍ക്കാര്‍ ഔദ്യോഗിക സൈറ്റ്, കേരള പോലീസ് സൈറ്റ്, ഗുരുവായൂര്‍ ദേവസ്വം,
റെയില്‍വേ തുടങ്ങിയ 16 വെബ്‌സൈറ്റുകളിലേക്ക് ലിങ്കും ലഭിക്കും.

കേരളാപോലീസ് തിരക്ക് നിയന്ത്രാണാര്‍ഥം തുടങ്ങിയ ബുക്കിങ് സംവിധാനം ഏറെപ്പേര്‍ക്ക് തുണയായി. പോലീസ് വെബ്‌സൈറ്റ് വഴി ബുക്കിങ് ചെയ്ത ഭക്തന്മാര്‍ക്ക് ദര്‍ശനം എളുപ്പമായി. ഇതിനുപുറമെ പാലിക്കേണ്ട നിയമങ്ങള്‍, വേര്‍പിരിയുന്നവരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, അറിയിപ്പുകള്‍ എന്നിവയടങ്ങുന്ന സൈറ്റ് ഇംഗ്ലീഷിന് പുറമെ, മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും വായിക്കാം. നിലയ്ക്കല്‍, ചക്കുപാലം, ത്രിവേണി, ഹില്‍ടോപ്പ് എന്നിവിടങ്ങില്‍ പാര്‍ക്കിങ് ലഭിക്കുമോ, നിലവിലെ തിരക്കില്‍ പമ്പയില്‍ നിന്നും കയറുമ്പോള്‍ എത്രസമയം കൊണ്ട് പതിനെട്ടാം പടിയ്ക്കലെത്താം എന്നീ കാര്യങ്ങള്‍ അറിയുന്നതിന് പുറമെ പാര്‍ക്കിങ്, ക്യൂ വിവരം, കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മൊബൈലില്‍ ലഭിക്കുവാന്‍ എസ് എം എസ് ചെയ്യേണ്ട വിധവും സൈറ്റില്‍ ലഭിക്കും.

ശബരിമലയ്ക്കായി വെബ്‌സൈറ്റുകള്‍ അനവധിയുണ്ടെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ രണ്ടെണ്ണം മാത്രമാണ് നിലവില്‍.