പരാതികള്‍ കേട്ടറിഞ്ഞ് ക്ഷമയോടെ മന്ത്രി
ദീര്‍ഘകാലമായി പരിഹാരം ലഭിക്കാതെ കിടന്ന വിഷയങ്ങള്‍ ഉള്‍പ്പടെയുള്ളവയുമാണ് പലരും അദാലത്തില്‍ എത്തിയത്. തന്റെ മുന്നിലെത്തിയ പരാതികളെല്ലാം ക്ഷമയോടെ കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയുമായിരുന്നു മന്ത്രി എം.എം. മണി.
കരുകോണ്‍ സെക്ഷന്റെ പരിധിയിലുള്ള ചേറ്റാടി ചതുപ്പ് നിവാസികള്‍ക്ക് സര്‍വീസ് കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി 68 ലക്ഷം രൂപയുടെ പദ്ധതിക്ക് അദാലത്തില്‍ അനുമതിയായി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. പി എം യു 2020-21 ല്‍ ഉള്‍പ്പെടുത്തി വനംവകുപ്പിന്റെ അനുമതിയോടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനമായത്. ചെറ്റാടി ചതുപ്പ് നിവാസികളുടെ നിരവധി നാളുകളായുള്ള ആവശ്യമാണ് അദാലത്തില്‍ യാഥാര്‍ത്ഥ്യമായത്.
കരുനാഗപ്പള്ളി ഡിവിഷനിലെ മണപ്പള്ളി സെക്ഷന്‍ പരിധിയില്‍ തഴവ പഞ്ചായത്തിലെ 11 കെവി ലൈന്‍ വൈദ്യുതി ബോര്‍ഡിന്റെ ചിലവില്‍ 9,17,951 രൂപയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ അദാലത്തില്‍ തീരുമാനമായി. ഈ തീരുമാനം കൊണ്ട് എണ്‍പതോളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ഉണ്ടായത്. അപകടകരമായ അവസ്ഥയില്‍ വീടുകള്‍ക്ക് മുകളിലൂടെയായിരുന്നു ഈ ലൈന്‍ കടന്നു പോയിരുന്നത്. ഇത് കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട രണ്ട് വീടുകളുടെ മുകളിലൂടെ കടന്നുപോകുന്ന എല്‍.റ്റി ലൈന്‍ അടക്കമുള്ളവ ബോര്‍ഡിന്റെ ചിലവില്‍ മാറ്റി സ്ഥാപിക്കാനുള്ള രേഖകള്‍ വൈദ്യുതി മന്ത്രി പരാതിക്കാര്‍ക്ക് നേരിട്ട് കൈമാറി.
നഗരസഭാ കൗണ്‍സിലര്‍മാരായ എസ് സുജിത്തിന്റെയും രാജലക്ഷ്മിയുടെയും പരാതിയില്‍ അതത് ഡിവിഷനുകളില്‍ 7.2 കിലോമീറ്റര്‍ നീളത്തില്‍ കേബിള്‍ വലിക്കുന്നതിന് അനുമതിയായി. ഇതിലേക്ക് 1.87 കോടി രൂപയുടെ എസ്റ്റിമേറ്റ് ദ്യുതി-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രേഖകളും മന്ത്രി കൈമാറി.
അദാലത്തില്‍ 1425 പരാതികളാണ് ലഭിച്ചത്. ഇതില്‍ അറുന്നൂറോളം പരാതികള്‍ പരിഹരിച്ചു. മറ്റ് പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റി. അദാലത്തില്‍ വൈദ്യുതി ബോര്‍ഡ് ചിലവില്‍ പരിഹാരം കണ്ട പരാതികള്‍ക്കായി 5.73 കോടി രൂപയാണ് ചെലവഴിക്കുക.
