ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു

രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിൽ എൻ.സി. സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. തുടർച്ചയായ കഠിന പരിശീലനത്തിലൂടെ രാജ്യത്തെ മികച്ച യുവജന പ്രസ്ഥാനമായി എൻ.സി.സി. വളർന്നു. കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാനസൗകര്യ  വികസന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എൻ.സി.സി. കേഡറ്റുകൾക്ക് ക്യാഷ് അവാർഡ് ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കേഡറ്റുകൾക്ക് പുരസ്‌കാരം നൽകി. 2019-20 ലെ സംസ്ഥാനത്തെ മികച്ച ബറ്റാലിയനുള്ള അവാർഡ് 31 കേരള ബറ്റാലിയന്റെ കമാണ്ടിംഗ് ഓഫീസർ കേണൽ ജോസ് ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പാളും കെ.ആർ.കെ.ഡി.എം.  ബി.എച്ച്.എസ്.ആന്റ് എച്ച്.എസ്. എസ്. പ്രിൻസിപ്പാളും ഏറ്റുവാങ്ങി.

ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന മത്സരങ്ങളിൽ  വ്യക്തിഗത ഇനങ്ങളിൽ മെഡൽ നേടിയ കേഡറ്റുകളായ ഭാവന എസ്.പൈ, ഗൗരി ശങ്കർ എസ്, സനത്ത്കൃഷ്ണ കെ., അർപ്പിത രഞ്ജിത്, ആഷ്ലി അഗസ്റ്റിൻ, സ്നേഹ എസ്, ദിപിൻ ദിവാകരൻ, കാത്തിയ വർഗ്ഗീസ് തുടങ്ങിയവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സാംസ്‌കാരിക പരിപാടിയിൽ സംഘനൃത്തത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. രാജ്യത്തെ 17 എൻ.സി. സി. ഡയറക്ടറേറ്റുകളിലുമായി നടന്ന മത്സരങ്ങളിൽ കേരള എൻ.സി.സിക്ക് എട്ടാം സ്ഥാനം ലഭിച്ചു.

76 ആൺകുട്ടികളും 39 പെൺകുട്ടികളും ഉൾപ്പെടെ 116 എൻ.സി.സി. കേഡറ്റുകളും കണ്ടിജന്റ് കമാൻഡർ കേണൽ ജയകൃഷ്ണൻ, 15 അംഗ പരിശീലകർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയുടെ പുനരാവിഷ്‌കാരവും നടന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ഒഫിഷ്യേറ്റിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ എസ്.എൽ.ജോഷി, കണ്ടിജന്റ് കമാൻഡർ കേണൽ ജയകൃഷ്ണൻ, ഗ്രൂപ്പ് കമാൻഡർമാർ, ഉദ്യോഗസ്ഥർ, രക്ഷാകർത്താക്കൾ, കേഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.