രണ്ടര ലക്ഷത്തോളം വരുന്ന ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും ക്ഷേമത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ചിന്മയ തേജസ് ഹാളില്‍ കേരള സംസ്ഥാനഭാഗ്യക്കുറിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്നത് പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടിയാണ്. കാരുണ്യ ബെനവലന്റ് പോലെയുള്ള പദ്ധതികളിലൂടെ ആയിരക്കണക്കിന് നിര്‍ധനരോഗികള്‍ക്ക് സഹായം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് അല്ലെങ്കില്‍ നാളെ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ലോട്ടറി എടുക്കുന്നത് സാധാരണജനങ്ങളാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പണമാണ് ലോട്ടറി വില്‍പ്പനയിലൂടെ ഖജനാവിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഈ പണം സര്‍ക്കാര്‍ സാധാരണക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. അതോടൊപ്പം ലോട്ടറി വില്‍ക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും. രണ്ടര ലക്ഷത്തോളം ജനങ്ങളാണ് ലോട്ടറി വില്‍പനയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. ലോട്ടറി വാങ്ങുന്നവര്‍ക്കും സര്‍ക്കാരിനുമിടയില്‍ കണ്ണിയായി നില്‍ക്കുന്ന ഇവരുടെ ക്ഷേമത്തിനുവേണ്ടി സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയ ആദ്യവര്‍ഷം 14 ലക്ഷം രൂപയായിരുന്നു വരുമാനമെങ്കില്‍ ഇപ്പോഴത് 1691 കോടി രൂപയായി വര്‍ധിച്ചിരിക്കുന്നു. ഓരോ മാസവും നറുക്കെടുപ്പ് എന്ന നിലയില്‍ നിന്നും ദിവസവും നറുക്കെടുപ്പിലേക്ക് ലോട്ടറി വളര്‍ന്നു. എന്നാല്‍ ലോട്ടറിയുടെ പേരില്‍ ചൂതാട്ടത്തിന് ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം അസി. ഡയറക്ടര്‍ പി കെ വേണുഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, കേരള സംസ്ഥാന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശ്, കേരള സംസ്ഥാന ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗം വി ബാലന്‍, വിവിധ യൂണിയന്‍ ഭാരവാഹികളായ പി പ്രഭാകരന്‍, എ ദാമോദരന്‍, കെ എം ശ്രീധരന്‍, ടി ചന്ദ്രശേഖരന്‍, വി ബി സത്യനാഥന്‍, പി വി ഉമേശന്‍, എന്‍ കെ ബിജുമോന്‍, ജില്ലാ ലോട്ടറി ഓഫീസര്‍ എം.കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.  ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.സുരേഷ്‌കുമാരി സ്വാഗതവും ഡെപ്യുട്ടി ഡയറക്ടര്‍ പി.പി.കെ രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ക്ഷേമനിധി  അംഗങ്ങള്‍ക്കുളള യൂനിഫോം വിതരണം, വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, മരണാനന്തര സഹായം, ചികിത്സാ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണവും, മുന്‍കാല ജീവനക്കാരെയും ഏജന്റുമാരെയും ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരം  അവതരിപ്പിക്കുന്ന  ഭാഗ്യവര്‍ഷം  കലാസന്ധ്യ   അരങ്ങേറി.