പത്തനംതിട്ട: ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മസേന സജ്ജമായി. ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ ഹരിതകര്‍മസേന ഉദ്ഘാടനം ചെയ്തു.
19 മുതല്‍ കര്‍മരംഗത്തിറങ്ങുന്ന ഹരിത കര്‍മസേനാംഗങ്ങളും ജനപ്രതിനിധികളും ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം ചെയ്യും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടകളിലും വീടുകളിലും എങ്ങനെ സൂക്ഷിച്ചു വയ്ക്കണമെന്നും ഏതൊക്കെ ദിവസങ്ങളില്‍ അവ ശേഖരിക്കാന്‍ ഹരിതകര്‍മസേനാംഗങ്ങള്‍ എത്തിച്ചേരുമെന്നും രേഖപ്പെടുത്തിയ ലഘുലേഖയാണു വിതരണം ചെയ്യുന്നത്.
ഹരിതകര്‍മസേനാംഗങ്ങള്‍ കടകളിലും വീടുകളിലും വൃത്തിയായി ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാത്രമേ ശേഖരിക്കുകയുള്ളൂ. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ സേവനത്തിന് 24 വനിത ഹരിതകര്‍മസേനാംഗങ്ങളാണുള്ളത്. എല്ലാ വാര്‍ഡുകളിലെയും ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ പ്ലാസ്റ്റിക്ക്  മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശവും നല്‍കും. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു വയ്ക്കണം. വീടുകളിലേക്കു കൊണ്ടുവരുന്ന പാലിന്റെ കവര്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കി വീട്ടുകാര്‍ സൂക്ഷിക്കണം. ഹരിതകര്‍മസേനപ്രവര്‍ത്തകര്‍ മാസത്തില്‍ ഒരിക്കല്‍ എത്തി ഇവ ശേഖരിക്കും. വിവിധ വാര്‍ഡുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ സൂക്ഷിക്കുകയും അവിടെനിന്ന് ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും ചെയ്യും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ പോലെയുള്ളവ വിറ്റ് തുക ശേഖരിച്ചു വീടുകളുടെയും കടകളുടെയും ഉടമകള്‍ക്കു നല്‍കും. ശേഖരിച്ച മറ്റു പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്ത് റോഡ് ടാറിംഗിന് ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്ക്  ശേഖരിക്കുന്ന കടകള്‍ക്ക് 50 രൂപയും വീടുകള്‍ക്ക് 30 രൂപയുമാണു നിരക്ക്. ഇതില്‍ നിന്നു നിശ്ചിത തുക ഹരിതകര്‍മസേനാംഗങ്ങള്‍ക്കു വേതനമായും നല്‍കും. ഹരിതകര്‍മസേനാംഗങ്ങള്‍ കൈയുറ, മെഡിക്കല്‍ ക്വിറ്റ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കരുതലായി കരുതുന്നുണ്ട്. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനത്തിനായി 2019-2020 സാമ്പത്തിക വര്‍ഷം തുക നീക്കിവച്ചിട്ടുണ്ട്. ഹരിതകര്‍മസേനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഹരിതകര്‍മസേനാംഗങ്ങള്‍ ഒരുകാരണവശാലും വീടുകളുടെ പരിസരത്തുനിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കില്ല.
   ഹരിതകര്‍മസേനയുടെ ഉദ്ഘാടന ചടങ്ങില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജു വട്ടമല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.കെ സജി, ഷൈലജ ബീവി, ഓമന പ്രഭാകരന്‍, പഞ്ചായത്ത് അംഗങ്ങളായ വയ്യാറ്റുപുഴ അജയന്‍, മറിയാമ്മ വര്‍ഗീസ്, മോഹന്‍ദാസ്, ഡി.ശശിധരന്‍, എലിസബത്ത് ജോസഫ്, സുജാ ശ്രീകുമാര്‍, അന്നമ്മ ജോര്‍ജ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്സണ്‍ എം.കെ ഷിറാസ്, പഞ്ചായത്ത് സെക്രട്ടറി ഡി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.