തൃശ്ശൂർ: ഭിന്നശേഷി കുട്ടികളുടെ നിയമ സംരക്ഷണം ഉറപ്പു വരുത്താൻ മുളംകുന്നത്തുകാവ് കിലയിൽ സംഘടിപ്പിച്ച ‘ഭിന്ന ശേഷി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും’ എന്ന വിഷയത്തിലുളള ത്രിദിന ശില്പശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ ഓപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലൊപ്‌മെന്റ് അഡീഷണൽ ഡയറക്ടർ ഡോ. പി കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.

നിയമം ഉറപ്പ് വരുത്തുന്ന സുരക്ഷിതത്വം ഭിന്നശേഷി കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് സംരക്ഷണ സ്ഥാപനങ്ങളിൽ ഉള്ള ജീവനക്കാർക്കും ബന്ധപ്പെട്ടവർക്കും ശരിയായ പരിശീലനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള കെയർ ഹോം സംഘാടകർക്കും ജീവനക്കാർക്കുമായാണ് ശില്പശാല ഒരുക്കുന്നത്. ഏതാണ്ട് 60 ഓളം പേർ ശില്പശാലയുടെ ഭാഗമായി.

ഭിന്ന ശേഷി കുട്ടികളുടെ ആവശ്യങ്ങളും പ്രത്യേകതകളും മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കാനുള്ള പരിശീലനം നൽകും. സമൂഹത്തിലെ ഏറ്റവും പാർശ്വ വൽക്കരിക്കപ്പെട്ട ഭിന്നശേഷിക്കാർക്ക് നിയമ പരിഗണന പരമാവധി ലഭ്യമാക്കേണ്ട ബോധവൽക്കരണം ആണ് ഈ ശില്പശാല ലക്ഷ്യമിടുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷനും, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള എൻ ഐ പി സി സി ഡി യും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

20 നാണ് ശില്പശാല അവസാനിക്കുക. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ കെ ജി വിശ്വനാഥൻ, എൻ ഐ പി സി സി ഡി ജോയിന്റ് ഡയറക്ടർ ഡോ കെ സി ജോർജ്, ഡെപ്യൂട്ടി ഡയറക്ടർ സംഘമിത്ര ബാരിക്, കില അസോസിയേട് പ്രൊഫ ഡോ ജെ ബി രാജൻ ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങളായ ഡോ എം പി ആന്റണി, സിസ്റ്റർ ബിജി ജോസ്, ഫാദർ ഫിലിപ് പരക്കാട്ട്, കെ നസീർ, പിആർഒ ആർ വേണുഗോപാൽ, തുടങ്ങിയവർ പങ്കെടുത്തു.