കെട്ടിട നിർമാണ രംഗത്തെ നൂതനസാങ്കേതികവിദ്യയായ പ്രീഫാബ് ടെക്നോളജിയിൽ സംസ്ഥാനത്ത് ആദ്യമായി കടമ്പൂർ പനോന്നേരിയിൽ നിർമ്മിക്കുന്ന ലൈഫ് ഭവനസമുച്ചയം ഈ വർഷം ജൂലൈ 31നകം നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ലൈഫ് മിഷൻ സിഇഒ യു വി ജോസ് അറിയിച്ചു. ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായുള്ള ഭവന സമുച്ചയങ്ങൾ അങ്കമാലിയിലും അടിമാലിയിലും ഇതിനകം പൂർത്തീകരിച്ചു. തൃശൂരിൽ 180 യൂണിറ്റുകൾ ഉൾപ്പെടുന്ന ഭവനസമുച്ചയം മെയ് മാസത്തോടെ പൂർത്തിയാകും. പ്രീഫാബ് സാങ്കേതികവിദ്യയിൽ നിർമിക്കുന്ന 10 ഭവനസമുച്ചയങ്ങളുടെ നിർമാണം ഈ മാസം ആരംഭിക്കും.
അതിൽ ആദ്യത്തെതാണ് കടമ്പൂരിലേതെന്നും അദ്ദേഹം അറിയിച്ചു. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യയിലാണ് ഇവ നിർമിക്കുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ള പത്തോളം പ്രീഫാബ് ടെക്നോളജിയിൽ കേരളത്തിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമെന്ന് മദ്രാസ് ഐഐടി സംഘം കണ്ടെത്തിയ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച നിർമാണ കമ്പനിയായ ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസാണ് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 23000 ചതുരശ്ര അടിയിൽ നിർമിക്കുന്ന 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം പൂർത്തിയാവുന്നതോടെ എല്ലാവർക്കും വീട് ലഭ്യമാവുന്ന ആദ്യ പഞ്ചായത്തായി കടമ്പൂർ ഗ്രാമപഞ്ചായത്ത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
വീടിന്റെ ഓരോ ഭാഗവും ഫാക്ടറിയിൽ മുൻകൂട്ടി തയ്യാറാക്കി തറയുടെ മുകളിൽ ഉറപ്പിക്കുന്ന രീതിയാണ് പ്രീ ഫാബ് ടെക്‌നോളജി. കല്ലും സിമന്റും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ ഉപയോഗം പരമാവധി കുറച്ച് പുതിയ തരം നിർമ്മാണവസ്തുക്കളാണ് ഉപയോഗിക്കുന്നത്. കനം കുറഞ്ഞ ഷീറ്റ് ആവശ്യമായ അളവിലും രൂപത്തിലും ഫാക്ടറിയിൽ തയ്യാറാക്കി, സൈറ്റിൽ എത്തിച്ച് കൂട്ടി യോജിപ്പിക്കുന്നതാണ് രീതി. ഇവയുടെ അകവും പുറവും ഫൈബർ സിമന്റ് ഷീറ്റ് ഉറപ്പിച്ച് അതിനുളളിൽ റോക്ക് വൂൾ നിറച്ചാണ് ഭിത്തി തയ്യാറാക്കുന്നത്. ചുമരുകൾ, സിമന്റ് പാർട്ടിക്കിൾ ബോർഡും ജിപ്‌സം ബോർഡും ഉപയോഗിച്ചുള്ളവയായിരിക്കും. ഓരോ നിലയിലും കോൺക്രീറ്റ് ഉപയോഗിച്ചാണ് തറ നിർമ്മിക്കുന്നത്.
സ്റ്റീൽ കോളങ്ങളിൽ നേരത്തേ തന്നെ തയ്യാറാക്കിയ പൈപ്പുകളിലൂടെയാണ് ഇലക്ട്രിക്കൽ വയറുകളും പ്ലംബിംഗ് പൈപ്പുകളും കടത്തിവിടുക. അകത്തെ ചൂട് കുറവായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. നിർമ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.