*ഉത്സവം 2020-ന് തുടക്കമായി

പൈതൃക ഗ്രാമത്തിൽ തനത് കലാപാരമ്പര്യത്തിന്റെ കേളികൊട്ടുയർന്നു. തെയ്യവും തിറയും ചരടുപിന്നിക്കളിയുമൊക്കെയായി ആറു നാൾ നിറഞ്ഞുനിൽക്കുന്ന ഉത്സവം 2020-ന് തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള മടവൂർപ്പാറ എന്ന പൈതൃകസ്ഥലത്ത് തുടക്കമായി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വിശിഷ്ടാതിഥി പ്രശസ്ത നടനും നാടൻകലകളുടെ പ്രയോക്താവുമായ നെടുമുടി വേണു തുടങ്ങിയവർ ചേർന്ന് തിരിതെളിയിച്ചു. മറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെയും അവയെ ഇപ്പോഴും പിന്തുണയ്ക്കുന്ന കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുകൂടിയാണ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തുടർന്ന് പൈതൃകകലകളെ പതിറ്റാണ്ടുകളായി പിന്തുടരുന്ന വ്യക്തികൾക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി.
കേരളത്തിന്റെ പാരമ്പര്യ-അനുഷ്ഠാനനാടോടി കലാരൂപങ്ങളുടെ പൗരാണിക കലാസംസ്‌കാരം തനിമചോരാതെ പകർന്നുനൽകാൻ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാമത് പതിപ്പാണ് അരങ്ങേറുന്നത്.

ആചാരനുഷ്ഠാനങ്ങളും സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ തനത് കലകളുടെ മാസ്മരിക വിരുന്നാണ് 28 വരെ ഏവരെയും കാത്തിരിക്കുന്നത്. 14 ജില്ലകളിൽ നിന്നായി നൂറിൽപ്പരം കലാരൂപങ്ങളും 350ൽപരം കലാപ്രകടനങ്ങളും ഉത്സവത്തിന് മാറ്റുകൂട്ടും. അയ്യായിരത്തിലധികം കലാകാരന്മാർ വേദിയെ സമ്പന്നമാക്കും. ജില്ലയിൽ മടവൂർപാറ, മ്യൂസിയം ബാന്റ് സ്റ്റാന്റ് എന്നീ രണ്ടു വേദികളിലായാണ് പരിപാടികൾ അരങ്ങേറുക. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 28 വേദികളിൽ ഉത്സവം അരങ്ങേറും.

ടൂറിസം സെക്രട്ടറി റാണി ജോർജ് സ്വാഗതവും ടൂറിസം ഡയറക്ടർ പി. ബാലകിരൺ നന്ദിയും പറഞ്ഞു, എഡിഎം വിനോദ്, ജനപ്രതിനിധികളായ സിന്ധു ശശി, പ്രദീപ് കുമാർ, ഷാനിബ ബീഗം, ബി.എസ്.ഇന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം ഗദ്ദിക, മോഹിനിയാട്ടം തുടങ്ങിയ വിവിധ കലാരൂപങ്ങൾ അരങ്ങേറി.