ഹൈവേ പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ ജില്ലാ പോലീസ് മേധാവിമാരും ട്രാഫിക് എസ്.പിമാരും കൂടാതെ റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി എന്നിവരും ഇനിമുതല്‍ നിശ്ചിത ഇടവേളകളില്‍ ഹൈവേ പോലീസ് വാഹനങ്ങളുടെ പ്രവര്‍ത്തനം നേരിട്ടു പരിശോധിച്ച് വിലയിരുത്തും. ഇത്തരമൊരു മേല്‍നോട്ടം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്.
ജില്ലാ പോലീസ് മേധാവിമാരുടെ പ്രധാനപ്പെട്ട ചുമതലകളില്‍ ഒന്നാണ് ഹൈവേപോലീസ് മാനേജ്മെന്റ്. ഹൈവേ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കുറയ്ക്കാന്‍ ഇത്തരം നിരീക്ഷണവും ഏകോപനവും ഏറെ സഹായിക്കും. ഹൈവേ പോലീസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പ്രതിനിധിയായി ഐ.ജി ട്രാഫിക് പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.