സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 6 കേസുകള്‍ തീര്‍പ്പാക്കി. ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 8 കേസുകളാണ് പരിഗണിച്ചത്. രണ്ടെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന പേരില്‍ വിളിച്ച് തൊഴില്‍ വാഗ്ദാനം ചെയ്ത് 31500 രൂപ വാങ്ങി പറ്റിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ കമ്മീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി.

ജില്ലയിലെ ഒരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന അധ്യാപകന്‍ മറ്റൊരു കോളേജിലേക്ക് ജോലി മാറി പോയ സമയത്ത് അദ്ദേഹത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് വിഷയത്തില്‍ കോളേജ് അധികൃതര്‍ അലംഭാവം കാണിച്ചുവെന്ന പരാതിയും കമ്മീഷന്‍ പരിശോധിച്ചു. കോളേജ് അധികാരികള്‍ സിറ്റിംഗില്‍ ഹാജരായി പ്രശ്‌നം പരിഹരിച്ചതായി കമ്മീഷനെ അറിയിച്ചു.

സ്‌കൂള്‍ മാറ്റത്തിന് ടി.സി അനുവദിക്കണമെന്ന അപേക്ഷയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയോടും മാതാവിനോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ യുവജന കമ്മീഷന്‍ സെക്രട്ടറി ടി.കെ ജയശ്രീ, കമ്മീഷനംഗം കെ.കെ വിദ്യ, സെക്ഷന്‍ ഓഫീസര്‍ സി.ഡി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.