തൃശ്ശൂർ: സംസ്ഥാന ആരോഗ്യവകുപ്പ് വടക്കേക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് ‘കനിവ് 108’ ആംബുലൻസ് അനുവദിച്ചു. അപകടത്തിൽപ്പെടുന്നവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് നൽകുന്ന സൗജന്യ ആംബുലൻസ് ശൃംഖലയാണ് ‘കനിവ് 108’. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ആംബുലൻസ് കെ. വി അബ്ദുൾ ഖാദർ എംഎൽഎ ജനങ്ങൾക്കായി സമർപ്പിച്ചു.

ഗുരുവായൂർ മണ്ഡലത്തിലെ മൂന്നാമത്തെ ആംബുലൻസാണിത്. ആംബുലൻസിൽ ഡ്രൈവറോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച നഴ്സും ജീവൻ രക്ഷാ ഉപകരണങ്ങളും ഉണ്ടാകും. 108 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ആംബുലൻസിന് വേണ്ടി വിളിക്കാം. ഏത് തരത്തിലുള്ള അപകടം/ രോഗം/എമർജൻസിയാണ് എന്ന് വിളിക്കുമ്പോൾ തന്നെ അറിയിക്കണം. ആശുപത്രി നമ്പറിലോ മറ്റു പേഴ്സണൽ നമ്പറുകളിലോ ആംബുലൻസിനായി വിളിക്കരുത്.

ആംബുലൻസ് സർവ്വീസ് തികച്ചും സൗജന്യമാണ്. 24 മണിക്കൂർ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. റോഡപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന 12 മണിക്കൂറിൽ (രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് വരെ) ഉടൻ ലഭ്യമാക്കുക എന്ന രീതിയിലാണ് സേവനം ക്രമപ്പെടുത്തിയിട്ടുള്ളത്.

ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്താക്ക് അലി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയൂ മുസ്തഫ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ്, മെമ്പർമാരായ ബാലകൃഷ്ണൻ, ശ്രീധരൻ, ഹെൽത്ത് സൂപ്രണ്ട് ഡോ. പിഷാരടി, സൂപ്പർവൈസർ രാജു എന്നിവർ പങ്കെടുത്തു.