*ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തി
*കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് സംഘം
*ഒഡീഷ, ഡൽഹി, കർണാടക സംസ്ഥാനങ്ങളും കേരളവുമായി ചർച്ചയ്ക്ക്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കാനും തെലങ്കാന സർക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി സംഘം ചർച്ച നടത്തി. കോവിഡ് 19 തടയാൻ കേരള മാതൃക പിന്തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് സന്ദർശനം. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ അടുത്തറിയാനുള്ള സൗകര്യങ്ങൾ സംഘത്തിന്  ഒരുക്കിയിട്ടുണ്ട്.

കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടും മറ്റുള്ളവരിലേക്ക് പകരാതെ കോവിഡ് 19 രോഗം തടയാനായതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ലോകാരോഗ്യ സംഘടനകളുടെ മാർഗ നിർദേശങ്ങൾ അനുസരിച്ച് കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചാണ് രോഗത്തെ പ്രതിരോധിച്ചത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമുകളും തുറന്നു. എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കി. ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകി. സംശയ ദൂരീകരണത്തിനായി കോൾസെന്റർ സ്ഥാപിച്ചു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടു. മാധ്യമങ്ങളുടെ ശക്തമായ പിന്തുണയാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസൊലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നിവ മന്ത്രിയും ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിന് വിവരിച്ചു കൊടുത്തു. തെലുങ്കാനയ്ക്ക് പിന്നാലെ ഒഡീഷ, ഡൽഹി, കർണാടക സംസ്ഥാനങ്ങളും കേരളത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കോവിഡ് 19 നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല, ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് യാതൊരാശങ്കയും വേണ്ട. ഉത്സവങ്ങളോ ആഘോഷങ്ങളോ നിയന്ത്രിക്കേണ്ട സാഹചര്യമില്ല. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ആൾക്കൂട്ടത്തിൽ പോകരുതെന്ന നിർദേശമേയുള്ളൂ. അതാണ് അവർക്കും സമൂഹത്തിനും നല്ലതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് തെലുങ്കാന ജി.എച്ച്.എം.സി. അഡീഷണൽ കമ്മീഷണർ ബി. സന്തോഷ് പറഞ്ഞു. മൂന്ന്് പോസിറ്റീവ് കേസുണ്ടായിട്ടും ഒരാളിലും വ്യാപിക്കാതെ രോഗം തടയാനായി. തെലുങ്കാനയിലും മികച്ച പ്രതിരോധപ്രവർത്തനങ്ങളാണ് പിന്തുടരുന്നത്. എല്ലാവരും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങളാണ് പിന്തുടരുന്നതെങ്കിലും കേരളത്തിന്റെ പ്രവർത്തനങ്ങളും അനുഭവങ്ങളും മറ്റുള്ളവർക്ക് പാഠമാണ്. അതിനാലാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്നത്. കേരള പ്രതിരോധ മാതൃകയുടെ റിപ്പോർട്ട് തെലുങ്കാന ആരോഗ്യ മന്ത്രിക്ക് നൽകുമെന്നും സംഘം വ്യക്തമാക്കി.
ജി.എച്ച്.എം.സി. അഡീഷണൽ കമ്മീഷണർ സന്തോഷ്, ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മഹ്ബൂഖൻ, ഗാന്ധി ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശ്രാവ കുമാർ, ഹൈദരാബാദ് ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടി, തെലുങ്കാന എൻ.എച്ച്.എം. ഡോ. രഘു എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് സിംഗ് ഖോസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.