പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം പത്തനംതിട്ടയിലെത്തിയ വിദേശികളും സ്വദേശികളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ടോള്‍ ഫ്രീ നമ്പരായ 1077ലും, 0468-2228220, 0468-2322515, 9188293118, 9188803119 എന്നീ നമ്പറുകളിലും ഇവര്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാം.
മറ്റു രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൈനംദിന കണക്ക് ആരോഗ്യവകുപ്പ് ശേഖരിക്കും. വിദഗ്ധരായ പകര്‍ച്ചവ്യാധി പ്രതിരോധസംഘം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുള്‍പ്പെടെ രോഗപ്രതിരോധ അവബോധ ക്ലാസുകള്‍ നടത്തും. പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവാഹം തുടങ്ങിയവ പരമാവധി ഒഴിവാക്കി ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു.