പാലക്കാട്: ഉത്പാദന മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വസന്ത അവതരിപ്പിച്ചു. മൊത്തം 38,23,27,975 രൂപയുടെ വരവും 37,67,78,500 രൂപയുടെ ചെലവും 55,49,475 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മൊത്തം തുകയുടെ 20 ശതമാനം ലൈഫ് പദ്ധതിക്കായി വിനിയോഗിക്കും. ഉത്പാദന രംഗത്ത് കാര്‍ഷിക മേഖലയില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും 1,10,39,520 രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
സേവനമേഖലയില്‍ ആരോഗ്യം, ശുചിത്വം, മാലിന്യം നിര്‍മാര്‍ജനം എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കായി 36,79,840 രൂപയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമ പദ്ധതികള്‍ക്കായി 29,10,440 രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പാവപ്പെട്ട ഭവനരഹിതരായ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യപ്രാപ്തിക്കായി 1,45,52,200 രൂപയും വനിതാക്ഷേമ മേഖലയ്ക്കായി 58,20,880 രൂപയും വയോജന ക്ഷേമത്തിനായി 29,10,440 രൂപയും പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 2,03,39,800 രൂപയും വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല വികസനത്തിന് പൊതുവിഭാഗത്തില്‍ 91,00,600 രൂപയും പട്ടികജാതി വിഭാഗത്തില്‍ 64,23,120 രൂപയും വകയിരുത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ മെയിന്റനന്‍സ് ഗ്രാന്റ് റോഡിതര വിഭാഗത്തില്‍ ബ്ലോക്ക് പഞ്ചായത്തിനായി പ്രതീക്ഷിക്കുന്ന 70 ലക്ഷം രൂപയ്ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആസ്തി പരിപാലനത്തിനുള്ള പദ്ധതികളും നടപ്പിലാക്കും.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങള്‍, മെമ്പര്‍മാര്‍, ബി.ഡി.ഒ എ പി സുമ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.