കോവിഡ് 19 ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. പ്രാദേശിക തലത്തില്‍ രോഗം പ്രതിരോധിക്കുന്നതിനായി ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

വൈറസ് വ്യാപനം പരമാവധി ചെറുത്തും രോഗികളെയും അവരുമായി ഇടപഴകിവരെയും സമയബന്ധിതമായി കണ്ടെത്തിയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ദ്രുതകര്‍മ്മസേന. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ കൂടി സജീവമായാല്‍ മാത്രമേ രോഗ വ്യാപനം തടയാനാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശിക തലത്തില്‍ ദ്രുതകര്‍മ്മസേന രൂപീകരിച്ചിട്ടുള്ളത്.

പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ആയൂര്‍വേദ/ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍, കുടംബശ്രീ സി.ഡി.എസ്്, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പഞ്ചായത്ത്/നഗരസഭ ആര്‍.ആര്‍.ടിയില്‍ ഉള്‍പ്പെടുക.

വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലര്‍, ആശ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ വാര്‍ഡ് തല ആര്‍ആര്‍.ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.