സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായിൽനിന്നെത്തി കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 31,173 പേരാണ്. ഇതിൽ 30,936 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. 64 പേരെ വ്യാഴാഴ്ച പുതുതായി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. 6,103 പേർ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലുണ്ട്. 5,155 പേരെ രോഗബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2,921 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ ഫലം ലഭിച്ച 2,342 എണ്ണത്തിന് രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.