കുടുംബശ്രീയുടെ സാനിറ്റൈസര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുളള രണ്ട് ദിവസത്തെ പരിശീലനം പൂര്‍ത്തിയായി. ബത്തേരി തായ് ഗ്രൂപ്പ് സ്ഥാപനവും പാതിരിപ്പാലം ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുമാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കിയത്. നിലവില്‍ ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങിയവ നിര്‍മ്മിക്കുന്നതും സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചതുമായ യൂണിറ്റുകള്‍ക്കാണ് പരിശീലനം നല്‍കിയത്. വെണ്‍മ സോപ്പ് അമ്പലവയല്‍, ജെസ്‌വ സോപ്പ് മൂപ്പൈനാട്, ബിയോണ്‍ഡ് ഡ്രീംസ് അമ്പലവയല്‍, എസ്.ആര്‍ പ്രൊഡക്ട്‌സ് പൂതാടി, കിസാന്‍ സോപ്പ് കണിയാമ്പറ്റ, രാഗം കണിയാമ്പറ്റ, റീവ പുല്‍പ്പള്ളി എന്നീ യൂണിറ്റുകള്‍ക്കാണ് പരിശീലനം ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യ പ്രകാരം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നത്. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കുന്നതിന് ഇത് സഹായകരമാകും.
