ആവശ്യക്കാര്‍ക്ക് ഭക്ഷണം, അല്ലെങ്കില്‍ പലചരക്കു സാധനങ്ങള്‍, രോഗികള്‍ക്ക് മരുന്നുകള്‍, ഏകാന്തതയുടെ വിരസത അകറ്റാന്‍ പുസ്തകങ്ങള്‍, വീടുവീടാന്തരം രോഗപ്രതിരോധ ബോധവത്കരണം… കൊറോണ വൈറസ് ജില്ലയില്‍ ഏറ്റവുമധികം ഭീതി വിതച്ച തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ സാവധാനം പ്രതീക്ഷയുടെ പ്രകാശം പരക്കുകയാണ്.
 
ഇവിടെ 147 കുടുംബങ്ങളിലായി 610 പേരാണ് ഹോം ക്വാറന്റയനിലുള്ളത്. ഇതില്‍ 87 പേര്‍ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പ്രൈമറി കോണ്‍ടാക്ടുകളും 460 പേര്‍ സെക്കന്‍ഡറി  കോണ്‍ടാക്ട് പട്ടികയില്‍  ഉള്ളവരുമാണ്. വിദേശത്തുനിന്നെത്തിയ 63 പേരുമുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നത്.
ആശാ പ്രവര്‍ത്തകര്‍ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ഹോം ക്വാറന്റയനില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ വെജിറ്റേറിയനും  നോണ്‍ വെജിറ്റേറിയനും പ്രത്യേകമുണ്ട്.  സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍മാരും  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള ആറ് ഡോക്ടര്‍മാരും വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നു. 
 
കാന്‍സര്‍ രോഗിയായ തിരുവാര്‍പ്പ് സ്വദേശിക്ക് ഹോം ക്വാറന്റയനാലയതിനെത്തുടര്‍ന്ന് ഏക വരുമാനമാര്‍ഗമായിരുന്ന ചായക്കട അടച്ചിടേണ്ടിവന്നു. ചികിത്സ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പൊതുവിപണിയില്‍ 28000 രൂപ വിലവരുന്ന മരുന്ന് ആരോഗ്യ കേരളം അധികൃതര്‍ ഇദ്ദേഹത്തിന് സൗജന്യമായി ലഭ്യമാക്കി.  
 

സാമൂഹ്യ സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവര്‍ക്ക് വിരസത ഒഴിവാക്കാന്‍ പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും  സംയുക്തമായി ഡി.സി ബുക്‌സിന്റെ സഹകരണത്തോടെയാണ് മലയാളത്തിലെ ജനപ്രിയ പുസ്തകങ്ങള്‍ നല്‍കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ടി രാജേഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്.

 
ആരോഗ്യ വകുപ്പിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ  നേതൃത്വത്തില്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും ആശാ പ്രവര്‍ത്തകരും കുടുംബശ്രീ  പ്രവര്‍ത്തകരും  എല്ലാ വീടുകളിലും  ലഘുലേഖകള്‍ വിതരണം ചെയ്തു.