കാസർഗോഡ്: ദുബായിലെ  നയിഫ്  മേഖലയില്‍ നിന്നുള്ളവരിലാണ് അധികവും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  കാസര്‍കോടും കുറെ ആളുകള്‍ നയിഫില്‍ നിന്നുമെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍  ഫെബ്രുവരി 20 നു ശേഷം നയിഫില്‍ നിന്നുമെത്തിയിട്ടുള്ളവര്‍ അടിയന്തിരമായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഫെബ്രുവരി 20 ന് ശേഷം ഉംറ കഴിഞ്ഞെത്തിയവരും  അടിയന്തിരമായി പി.എച്ച്.സി കളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു പേടിയും വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ശ്രമകരം:  ജനങ്ങളുടെ സഹകരണം ആവശ്യം
പുതിയതായി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നും ഇതിന് പൊതുജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു.
  ഇന്നലെ (മാര്‍ച്ച് 19) കൊറോണ സ്ഥിരീകരിച്ച വ്യക്തി ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കുറെ ആളുകളുമായി ഇടപെഴുകിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ ഈ വ്യക്തിയുടെ സമ്പര്‍ക്കപട്ടിക പൂര്‍ത്തിയാക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.