അത്യാവശ്യമില്ലെങ്കിൽ ആശുപത്രിയിലേക്ക് വരണ്ട 

കാക്കനാട് : കോവിഡ് 19 ജാഗ്രത മുൻനിർത്തി കളമശേരി മെഡിക്കൽ കോളേജിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അതിന്റെ ഭാഗമായി ഇനി മുതൽ ഓ. പി രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ മാത്രമേ പ്രവർത്തിക്കു. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുതെന്നും പ്രിൻസിപ്പൽ അറിയിച്ചു.

അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഈ ദിവസങ്ങളിൽ നടത്തുകയുള്ളു.
വാർഡുകളിലും രോഗികളുടെ എണ്ണം കുറക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകിയിട്ടുണ്ട്. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. വൈകീട്ട് നാലു മുതൽ ഏഴു മണി വരെ അനുവദിച്ചിരുന്ന സൗജന്യ പാസ്സ് താത്കാലികമായി നിർത്തലാക്കി. 10 രൂപയുടെ പാസ്സ് ഉച്ചക്ക് 12 മുതൽ ഒരു മണി വരെ മാത്രമേ നൽകുകയുള്ളൂ എന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു അറിയിച്ചു.