* തദ്ദേശസ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൻ
കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രശ്‌നങ്ങളിൽ കണ്ടറിഞ്ഞുള്ള ഇടപെടലിന് അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കും. അത് ഫലപ്രദമാക്കാൻ വാർഡുതല സമിതികൾ വരെയുണ്ടാകും. സന്നദ്ധപ്രവർത്തകരെ വാർഡുതലത്തിൽ വിന്യസിക്കും.
ഇതിനായി കൂടുതൽ സന്നദ്ധപ്രവർത്തകര കണ്ടെത്തുകയും ചെയ്യും. അവരെ നിലവിലുള്ള ആവശ്യത്തിനനുസരിച്ചുള്ള പ്രവർത്തനത്തിനാകും വിനിയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേൻമ കാണിക്കാനോ ഉള്ള സന്ദർഭമായി ഇതിനെ എടുക്കാൻ അനുവദിക്കില്ല.
ഓരോ പ്രദേശത്തും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവർക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണം. നാട്ടിൽ ചിലർ വിവിധകാരണങ്ങളാൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തവരാണ്. അത്തരക്കാർ പട്ടിണികിടക്കാൻ ഇടവരരുത്. അതിനായി കമ്യൂണിറ്റി കിച്ചൻ ഒരുക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലുമുള്ള കമ്യൂണിറ്റി കിച്ചനിൽനിന്ന് പാചകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങൾക്ക് എത്തിക്കണം.
ഓരോ തദ്ദേശസ്ഥാപനവും എത്രപേർക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കൃത്യമായ കണക്ക് ശേഖരിക്കണം. പാചകക്കാരെ തദ്ദേശസ്ഥാപനം കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. അവർ കൃത്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം. ഇത്തരം കുടുംബങ്ങൾക്ക് ഭക്ഷണം വേണമെങ്കിൽ ബന്ധപ്പെടാൻ ഒരു ടെലിഫോൺ നമ്പർ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തണം.
മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്ക് നേരത്തെതന്നെ നല്ല തോതിൽ അരി കൊടുക്കുന്നുണ്ട്. അത് തുടരുന്നതിനുപുറമെ മുൻഗണനാ ലിസ്റ്റിൽ പെടാത്തവർക്ക് മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കും. അതോടൊപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട തരത്തിൽ കഴിയുന്ന ഒരു കുടുംബവും പട്ടിണി കിടക്കാൻ ഇടവരരുത്. രോഗം വന്ന് അലയുന്നവരുടെ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് പാചകം ചെയ്ത ഭക്ഷണം നൽകണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം നടപ്പിലാക്കുന്നത് ജില്ലാ ഭരണസംവിധാനം ഉറപ്പുവരുത്തും.
ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ സർക്കാർ ആശുപത്രികളിലെ സംവിധാനം ഉപയോഗിക്കും. ഡിഎംഒ തലത്തിൽ ഇതിന് പ്രത്യേകം സംവിധാനമുണ്ടാക്കും. ഹൃദ്രോഗികൾ, കിഡ്‌നി രോഗികൾ, ക്യാൻസർ രോഗികൾ തുടങ്ങിയവർക്ക് മരുന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
ഭക്ഷണം പാചകം ചെയ്യുന്നവരുടെ പരിസര-വ്യക്തിശുചിത്വം നിലവാരമുള്ളതാകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും ഉറപ്പാക്കണം. പാചകതൊഴിലാളികൾക്കാവശ്യമായ പരിശോധനകൾ നടത്താനും ശ്രദ്ധിക്കണം.
പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗമാണ് എൽപിജി സിലിണ്ടർ വിതരണക്കാർ, പത്രവിതരണക്കാർ, പാൽവിതരണം ചെയ്യുന്നവർ എന്നിവർ. ഇവർ പാലിക്കേണ്ട ആരോഗ്യസുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നടത്തും.
വീടുകളിൽ കഴിയുക എന്നതാണ് ലോക്ക്ഡൗൺ കാലത്ത് പ്രധാനം. ഇക്കാര്യത്തിൽ സാധാരണയിൽ കവിഞ്ഞ ഇടപെടൽ വേണം. റോഡുകളിലും പൊതുസ്ഥലത്തും ആളില്ലാത്ത നിലവരണം.
ഇക്കാര്യം ഉറപ്പാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. പോലീസ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ തിരിച്ചറിയൽ കാർഡോ, പാസോ കൈയിൽ കരുതണം. ന്യായമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. മാറ്റിവെക്കാനാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കണം. ഇത് പൂർണമായി നടപ്പാക്കൽ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്തമാണ്.
ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നല്ല ധാരണയോടെ ഇടപെടണം. ഇപ്പോൾ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പാലിച്ചില്ലെങ്കിൽ പലവിധ ഭവിഷ്യത്ത് വരും.
അത്യാവശ്യ സർവീസുകൾ നടത്താനായി യാത്ര ചെയ്യുന്നവർക്ക് ഐഡി കാർഡുകൾ ഇല്ലെങ്കിൽ, ജില്ലാ ഭരണസംവിധാനം താൽക്കാലിക തിരിച്ചറിയൽ കാർഡ് നൽകണം. ഇതിന് ഓൺലൈൻ അപേക്ഷ സ്വീകരിച്ച് ഉടൻ കാർഡുകൾ നൽകാൻ സംവിധാനമുണ്ടാക്കണം. ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമയ്ക്ക് ഇവർക്കായി തിരിച്ചറിയൽ രേഖ നൽകാൻ സംവിധാനം ഉണ്ടാക്കണം.
കുട്ടനാട്, പാലക്കാട്, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ഇപ്പോൾ കൊയ്ത്ത് നടന്നില്ലെങ്കിൽ വലിയ നാശമുണ്ടാകും. അതിനാൽ ഇത് അവശ്യ സർവീസായി കണ്ട് നടപടി സ്വീകരിക്കും. കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് സംഭരിക്കാൻ നടപടിയെടുക്കും. കൊയ്ത്തു സ്ഥലത്തുനിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും ആവശ്യമായ ഇളവ് നൽകും. പ്രാദേശികമായി നെല്ല് സംഭരിക്കാനുള്ള നടപടികൾക്ക് ബന്ധപ്പെട്ട കലക്ടർമാരെ ചുമതലപ്പെടുത്തി.
നിലവിൽ ഉള്ളിടത്ത് എല്ലാവരും കഴിയണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് എല്ലാവരുടെയും ശ്രദ്ധയിലുണ്ടാവും. എന്നാൽ, അതിർത്തിയിലെത്തി കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നം ഉണ്ട്. അവരെ നാട്ടിലേക്ക് കൊണ്ടുവന്ന് പരിശോധനകൾക്കു ശേഷം നിരീക്ഷണത്തിൽ താമസിപ്പിക്കാനാണ് ശ്രമിക്കുന്നത്.
വിദേശത്തുനിന്നും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നും വരുന്നവർക്ക് സ്വന്തമായി തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ സൗകര്യമൊരുക്കി. വയോജനങ്ങൾക്കും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
വനം വകുപ്പിനെ അവശ്യ സർവീസായി കണക്കാക്കിയിട്ടുണ്ട്. പ്രാദേശികമായി കാർഷിക ഉൽപന്നങ്ങൾ, നാണ്യവിളകൾ എന്നിവ ശേഖരിച്ച് വെക്കാൻ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് പ്രായോഗിക നടപടിക്ക് രൂപം നൽകണം.
കോവിഡ് കെയർ സെൻററുകൾക്ക് പൊതു മാനദണ്ഡം നിശ്ചയിക്കും. അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കും. കർദിനാൽ മാർ ആലഞ്ചേരി കത്തോലിക്കാ സഭയുടെ എല്ലാ ആശുപത്രികളും ഇതിനുവേണ്ടി ഉപയോഗിക്കാനുള്ള സന്നദ്ധത. അറിയിച്ചിട്ടുണ്ട്. രണ്ടുമാസത്തെ ക്ഷേമ പെൻഷൻ ഈ മാസം 27 മുതൽ നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ 1069 കോടി, വെൽഫെയർ ബോർഡ് വഴി 149 കോടി എന്നിങ്ങനെ ആകെ 54 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും.
ആയിരം ഭക്ഷണശാലകൾ തുടങ്ങുന്നത് അതിവേഗമാക്കും. ഹോം ഡെലിവറി വ്യാപകമാക്കാൻ നിർദേശം. രോഗികളുമായി ആശുപത്രികളിലേക്കു പോകുന്ന സ്വകാര്യ വാഹനങ്ങളിൽ ഒരാൾ മാത്രം യാത്ര ചെയ്താൽ മതി എന്ന നിബന്ധന ഫലപ്രദമല്ല. എടുത്തുകൊണ്ടുപോകേണ്ട ഒരാളുമായി ആശുപത്രിയിലേക്കു പോയ വാഹനത്തിൽ രോഗിക്കു പുറമെ രണ്ടുപേർ ഉണ്ടായത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് പറഞ്ഞ് തടയരുത്. സന്ദർഭത്തിനനുസരിച്ചുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.
പ്രാഥമിക/കുടുംബ ആരോഗ്യകേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്ന സ്ഥിരം മരുന്നുകൾ മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കും. സർവീസിൽനിന്ന് വിരമിച്ച ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നത് ത്വരിതപ്പെടുത്തും.
മൈസൂർ, ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് പച്ചക്കറി തടസ്സമില്ലാതെ കൊണ്ടുവരാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തും. വീട്ടിലിരിക്കുന്ന സമയമായതിനാൽ വീടുകളിൽ പച്ചക്കറി വളർത്താൻ സമയം കണ്ടെത്തുന്നത് നന്നാകും.
അങ്കണവാടി ഭക്ഷ്യധാന്യ വിതരണം, ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കുമുള്ള പരിചരണം എന്നിവ തൃപ്തികരമായി നടക്കുന്നുണ്ട്. ട്രാൻസ്‌ജെൻറേഴ്‌സിന് പ്രത്യേക പാർപ്പിട സൗകര്യവും ഭക്ഷണവും ഏർപ്പാടാക്കും.
ഹോർട്ടികോർപ്പിനെ അവശ്യ സർവീസാക്കും. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ആശങ്ക വേണ്ടതില്ല. എഫ്‌സിഐ അവരുടെ 25 ഗോഡൗണിൽ എട്ടുമാസത്തേക്കുള്ള സ്റ്റോക്കുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.
അരിയുടെ കൂടെ പലവ്യഞ്ജനങ്ങളും കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവ സംഭരിക്കുന്നതിന് സിവിൽസപ്ലൈസ് കോർപ്പറേഷനും കൺസ്യൂമർഫെഡും ശ്രമിക്കുന്നതോടൊപ്പം നാട്ടിലെ വൻകിട വ്യാപാരികളുടെ സഹകരണവും സർക്കാർ തേടും. പഞ്ചായത്തുകൾ കൂടി അവശ്യ സർവീസാക്കി ഉത്തരവിറക്കും.
സിനിമാ മേഖലയിലുള്ളവരും ആവശ്യമെങ്കിൽ വാഹനങ്ങൾ വിട്ടുനൽകാമെന്ന് അറിയിച്ചു.
സംസ്ഥാനത്താകെ പൊലീസ് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു തന്നെ കർശനമായ പരിശോധനകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗൺ ഫലപ്രദമാണ്.
കൂടുതൽ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ നീങ്ങണം. സാമൂഹ്യവ്യാപനം എന്ന അവസ്ഥയിൽ എത്തിയിട്ടില്ല എങ്കിലും അപകടമേഖലയിൽ തന്നെയാണ് നാമെന്ന് മുധ്യമന്ത്രി ഓർമിപ്പിച്ചു.  സാമൂഹ്യവ്യാപനം എന്ന വാൾ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കാനുള്ള ചുമതല നിർവഹിക്കേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന ഇന്നാട്ടിലെ ഓരോരുത്തരുമാണ്.
അത് കുറ്റമറ്റ രീതിയിൽ ഏറ്റെടുക്കുക എന്നത് നാടിനോടും വരും തലമുറയോടും നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റലാണ്. അതുകൊണ്ട് എല്ലാവരും വീട്ടിൽ കഴിയണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.