പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 ന്റെ സാഹചര്യം പരിഗണിച്ച് വീടുകളില്‍ കഴിയുന്ന പരസഹായം ഇല്ലാത്തവര്‍ക്കും വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണപ്പൊതികളുമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. വാര്‍ഡ്അംഗങ്ങളുടെ നേതൃത്വത്തില്‍ അവര്‍  ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരമാണ് കമ്മ്യുണിറ്റി കിറ്റണില്‍ തയ്യാറാക്കിയ ഭക്ഷണം എത്തിക്കുന്നത്.
വയോജനങ്ങള്‍ തനിച്ചുതാമസിക്കുന്ന വീടുകള്‍, തൊഴില്‍നഷ്ടപ്പെട്ട വരുമാനമില്ലാത്തവര്‍, ആഹാരം പാകംചെയ്തു നല്‍കിയിരുന്ന വീട്ടുജോലിക്കാര്‍, കൊറോണയുടെ സാഹചര്യത്തില്‍ എത്താന്‍ കഴിയാത്ത വീടുകളിലെ അംഗങ്ങള്‍ എന്നിവര്‍ക്കാണു വീട്ടില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നത്.കൂടാതെ നിരാലംബരായി വഴിയരികില്‍ കാണപ്പെടുന്നവര്‍ക്കും ഭക്ഷണം നല്‍കും.
സര്‍ക്കാര്‍ സൗജന്യറേഷന്‍ വീടുകളില്‍ എത്തുന്നതുവരെയാണ് ആഹാരം എത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ പറഞ്ഞു. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലെത്തി അവരുടെ ആവശ്യം മനസിലാക്കി അരിയും, പലവ്യഞ്ജനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു.