തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സൗകര്യം
കോവിഡ്-19 രോഗസാധ്യതയുള്ളവർക്ക് മാത്രമല്ല വയോധികർക്കും മറ്റു രോഗങ്ങളുള്ളവർക്കുമെല്ലാം ആരോഗ്യ സഹായവും പിന്തുണയുമായി സർക്കാർ എത്തുന്നു. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ പോർട്ടലായ kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അവസരം.
കോവിഡ്-19 നെ അകറ്റിനിർത്താൻ സ്വയംപ്രതിരോധമാണ് മികച്ച മാർഗമെന്ന് തിരിച്ചറിയണം. രോഗസാധ്യതയുള്ളവർ മാത്രമല്ല, ലോക്ക്ഡൗൺ സാഹചര്യത്തിൽ എല്ലാവരും ഇക്കാര്യത്തിൽ മുൻകൈയെടുത്ത് സുരക്ഷയും സൗകര്യവും രജിസ്‌ട്രേഷന് തയാറാകണം. ആശുപത്രിയിൽ പോകാനാകാത്ത സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ ആരോഗ്യകാര്യങ്ങളിൽ ടെലിമെഡിസിൻ സൗകര്യത്തിലൂടെ ആശങ്കയകറ്റാനും ചികിത്‌സാ മാർഗനിർദേശങ്ങൾ ലഭ്യമാകാനും കഴിയുമെന്നതാണ് പ്രത്യേകത.
സർക്കാർ ഡോക്ടർമാരുടെയും വിദഗ്ധരുടെയും വലിയൊരു ശൃംഖലയ്ക്ക് പുറമേ സ്വകാര്യ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഈ പോർട്ടലിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവർ, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവർത്തകർ, അടുത്തിടെ വിദേശത്തുനിന്നെത്തിയവർ, മറ്റ് സംസ്ഥാനങ്ങളിൽ സഞ്ചരിച്ചെത്തിയവർ, രോഗസാധ്യതയുള്ളവർ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റയാണ് അടിയന്തരമായി ശേഖരിക്കുന്നത്.
ഇതിനായി സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (kerala.gov.in) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തിൽ കോവിഡ്-19 സംബന്ധിച്ച പരിചരണം ആവശ്യമായി വന്നേക്കാവുന്ന മുഴുവൻ പേരും ഞായറാഴ്ചയോടെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സേവനം ഉൾപ്പെടെ ആരംഭിക്കും.
റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള വയോധികരുടെയും കാൻസർ രോഗചികിത്സയിൽ കഴിയുന്നവർ, വിദേശത്തുനിന്നെത്തിയവർ തുടങ്ങിയവരുടെ വിവരങ്ങൾ തുടങ്ങിയവ സർക്കാരിന് ലഭ്യമാണെങ്കിലും ഒരേ പ്ലാറ്റ്‌ഫോമിൽ ആവശ്യമായ വിവരങ്ങൾ ലഭിക്കുമ്പോൾ ചികിത്സാ സംവിധാനം കുറ്റമറ്റതാക്കാൻ കഴിയും.
പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പർക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷൻ സഹായകമാകും. സർക്കാർ, സ്വകാര്യ ഡോക്ടർമാരെ ഐ.എം.എയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതൽ ടെലിഫോണിൽ ലഭ്യമാക്കും.