കാക്കനാട്: ലോക്ക് ഡൗണ്‍ കാലയളവില്‍ ജില്ലയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ജില്ലാഭരണകൂടം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരുക്കുന്ന ക്യാമ്പുകളില്‍ സൗജന്യ ഭക്ഷണവും വിനോദത്തിനായി ടെലിവിഷന്‍ സൗകര്യവും ജില്ലാ ഭരണകൂടം സജ്ജമാക്കും. നിലവില്‍ ഇവര്‍ക്കായി ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ള സ്‌കൂളുകളിലെല്ലാം കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കും.

അതിഥി സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും വിലയിരുത്തി സംസ്ഥാന സെല്ലിന് ജില്ലാ ഭരണകൂടം കൈമാറും. ഇവര്‍ക്കായി ജില്ലാ ആസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള കോള്‍ സെന്റെറിന്റെ പ്രവര്‍ത്തനം വിപുലമാക്കും. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ 24 മണിക്കൂറും കോള്‍ സെന്റെര്‍ സേവനം ലഭ്യമാണ്. നമ്പര്‍ 0484 2423110. എല്ലാ ക്യാമ്പുകളിലും കോള്‍ സെന്റര്‍ നമ്പര്‍ പ്രദര്‍ശ്ശിപ്പിക്കും. ആര്‍.ടി.ഒ, ഡി.വൈ.എസ്.പി, ലേബര്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ ഔദ്യോഗിക സംഘം ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശ്ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും ഇവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഭക്ഷണ വിതരണത്തിന്റെ ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ്. ഇതിനാവശ്യമായ സഹായങ്ങള്‍ റവന്യൂ വകുപ്പ് ഒരുക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണ് അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ മേല്‍നോട്ട ചുമതല.