ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശം അറിയിച്ചു.
രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഒരുക്കണം. ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.
കേന്ദ്രം നിർദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചു.
സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയില്ലെന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണമെന്നും പക്ഷപാത നിലപാടുകൾ പാടില്ലെന്നും ഊന്നിപ്പറഞ്ഞു.
ലോക്ക്ഡൗൺ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങൾക്കും നടപടിക്രമങ്ങൾക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നൽകണം. കൂടുതൽ ടെസ്റ്റിങ് സെന്ററുകൾക്ക് അനുവാദത്തിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതിന്റെ വിശദാംശവും പ്രധാനമന്ത്രിയെ അറിയിച്ചു. റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകൾ ഹോങ്കോങ്ങിൽനിന്ന് ദൈനംദിനം വിമാനമാർഗം കൊണ്ടുവരുന്നതിന് കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിച്ചു.
എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെ കൂടി ചേർത്ത് നമ്മുടെ സന്നദ്ധ പ്രവർത്തനം വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അഞ്ചുവർഷത്തിനുള്ളിൽ എൻസിസി, എൻഎസ്എസ് വിട്ടുപോയവരെയും അതിൽ ഉൾപ്പെടുത്തും.
കോവിഡ് പ്രത്യേക ആശുപത്രികൾ തുടങ്ങാൻ വലിയ മൂലധനം ആവശ്യമായതിനാൽ ദുരന്ത നിവാരണ നിധിയിൽനിന്ന് തുക ഉപയോഗിക്കാൻ അനുവാദം നൽകണം. സംസ്ഥാനത്തിന്റെ വായ്പാപരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.
എൻജിഒ സംഘടനകളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിക്കും. ട്രക്ക് ഓൺലൈൻ പൂളിങ് നടത്തി വിളകൾ കമ്പോളത്തിൽ എത്തിച്ച് കർഷകർക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കും. എസ്ഡിആർഎഫ് സംസ്ഥാന വിഹിതമായി 157 കോടി രൂപ ഉടൻ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹോട്ട് സ്‌പോട്ടുകൾ എന്ന് തരംതിരിക്കപ്പെട്ട ജില്ലകളിൽ കേരളത്തിലെ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവ ഉണ്ട്. ഇക്കാര്യത്തിൽ നമ്മൾ അതീവ ജാഗ്രത കാണിക്കണം.
ലോക്ക്ഡൗൺ എങ്ങനെ ക്രമേണ ഒഴിവാക്കണമെന്നതിനെക്കുറിച്ച് ദേശീയ തലത്തിൽ ഏകീകൃത മാനദണ്ഡമുണ്ടാക്കാൻ സംസ്ഥാനങ്ങൾ വിദഗ്ദ്ധരുടെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ച് മൂന്ന്-നാല് ദിവസങ്ങൾക്കുള്ളിൽ നിർദ്ദേശങ്ങൾ നൽകണമെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കും.
രോഗികളുടെ എണ്ണത്തിൽ മുൻപിലാണെങ്കിലും കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നത് ശ്രദ്ധേയമാണെന്ന് ആമുഖ സംഭാഷണത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.