ഇന്ന് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും ചുമയും അനുഭവപ്പെടുകയും, വിമാനത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂടിയായ പത്തനംതിട്ട സ്വദേശിക്ക് ഏപ്രിൽ 1 ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ തുടർചികിത്സ തേടുവാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 2 മുതൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളായ 6 പേരോടും, എയർപോർട്ടിൽ നിന്നും സഞ്ചരിച്ച ടാക്സി ഡ്രൈവറോടും മുൻകരുതൽ നടപടികളുടെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു

• ഇന്ന് പുതിയതായി 175 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 430 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 11,842 ആയി.

• ഇന്ന് 4 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ 3 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്ന് 4 പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 36 ആയി. ഇതിൽ 24 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

• ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 11878 ആണ്.

• 38 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 29 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവ് ആണ്. ഇനി 94 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

• ജില്ലയിലെ 2 കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.

• ജില്ലയിൽ നിലവിൽ 139 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 97 എണ്ണം പഞ്ചായത്തുകളിലും 42 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 44657 പേർക്ക് ഭക്ഷണം നൽകുകയുണ്ടായി . ഇതിൽ 15408 പേർ അതിഥി തൊഴിലാളികളാണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 373 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 13 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ജില്ലാ പാലിയേറ്റീവ് യൂണിറ്റിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്ന 220 വയോജനങ്ങളെ വിളിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു.

• അതിഥി തൊഴിലാളികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മൊബൈൽ മെഡിക്കൽ യൂണിറ്റ് ഇന്ന് 4 ക്യാമ്പുകൾ സന്ദർശിച്ച് 270 പേരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടത്തിയില്ല.
• ഇന്ന് 278 ഫോൺ വിളികളാണ് കൺട്രോൾ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതൽ രാവിലെ 9 മണി വരെ ലഭിച്ച 178 കോളുകൾ ഉൾപ്പെടെയാണിത്. ഇതിൽ 141 എണ്ണവും പൊതുജനങ്ങളിൽ നിന്നാണ് . നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളെ വീട്ടിലെ പട്ടി കടിച്ചു, കുത്തിവെപ്പെടുക്കാൻ സഹായിക്കണമെന്നഭ്യർത്ഥിച്ചുള്ള വിളിയും എത്തി. ഇതിനാവശ്യമായ നടപടികൾ ജില്ലാകൺട്രോൾ യൂണിറ്റിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് നിരീക്ഷണം ബാധകമാണോയെന്ന് അറിയുന്നതിനും, പുതുക്കിയ നിരീക്ഷണ കാലാവധി അറിയുന്നതിനും വിളികൾ എത്തി. നിലവിലെ മാർഗനിർദേശമനുസരിച്ച് വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഞങ്ങൾ പ്രതിരോധ മരുന്നു കഴിച്ചു, ഇനിയും പുറത്തിറങ്ങി നടക്കാമോ എന്ന് ചോദിച്ചുകൊണ്ടുള്ള കുറച്ച് വിളികൾ എത്തി. കൊറോണക്കെതിരെ പ്രതിരോധമരുന്ന് ഇതുവരെ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ എല്ലാവരും തന്നെ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ് .

• നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോൾ സംവിധാനത്തിൽ നിന്ന് ഇന്ന് വിളിച്ചത് 31 പേരെയാണ്. ഇവർ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

• സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്ന് ഒ പി യിലെത്തിയ 11 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട് .

• ജില്ലയിൽ നിരീക്ഷണത്തിലുള്ള 84 ഗർഭിണികളെ ജില്ലാ ആർ സി എച്ച് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വിളിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.