തൃശ്ശൂർ: കോൾ പാടത്ത് കൊയ്ത്തുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നതിന് മന്ത്രി എ സി മൊയ്തീൻ നിർദേശം നൽകി. അരിമ്പൂരിൽ തൊഴിലാളികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.
അരിമ്പൂരിൽ ഉണ്ടായ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി തൊഴിലാളികൾക്ക് ഉറപ്പ് നൽകി. പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പോലീസ് കൈയേറ്റം ചെയ്തു എന്നതായിരുന്നു പരാതി.
ഇതിനെത്തുടർന്നായിരുന്നു ചർച്ച. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൊയ്ത്തിനെത്തുന്ന തൊഴിലാളികൾക്ക് വേണ്ട വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. കൊയ്ത്തിനാവശ്യമായ കൂടുതൽ കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നതിനും സൗകര്യമൊരുക്കും.
സർക്കാർ നിയന്ത്രണത്തിൽ തന്നെ എല്ലാ പാടശേഖര സമിതികളോടും പ്രശ്നങ്ങളില്ലാതെ കൊയ്ത്തു നടത്തണമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയോടൊപ്പം ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, കളക്ടർ എസ് ഷാനവാസ്, മുരളി പെരുനെല്ലി എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് സുജാത, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.